തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക ഉടൻ -എം.പി. മൂവാറ്റുപുഴ: നാലു ദിവസത്തിനകം തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക തുക ലഭിക്കുമെന്ന് അഡ്വ. ജോയ്‌സ് ജോർജ് എം.പി. അറിയിച്ചു. ഡൽഹിയിൽ ഗ്രാമവികസന വകുപ്പ് സെക്രട്ടറി അമർജിത് സിൻഹയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചത്. കേന്ദ്രവും സംസ്ഥാനവുമായി ഉണ്ടായിരുന്ന ചില സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചതായും ഒരുവിധത്തിലുള്ള തടസ്സങ്ങളും ഇനി നിലനിൽക്കുന്നില്ലെന്നും എം.പി. പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കപ്പെടാമായിരുന്ന കാര്യങ്ങൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയതാണ് സാമ്പത്തിക അനുമതി ലഭിക്കാൻ കാലതാമസമുണ്ടായത്. കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സമഗ്രമായി പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ നാലു ദിവസത്തിനുള്ളിൽ തന്നെ തൊഴിലുറപ്പ് ജോലിചെയ്ത തൊഴിലാളികൾക്ക് പണം ലഭിക്കുമെന്നും എം.പി. പറഞ്ഞു. ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രം 160 കോടി രൂപയാണ് നൽകാനുളളത്. സ്‌കൂൾ അധ്യയനവർഷം ആരംഭിച്ച സാഹചര്യത്തിൽ തൊഴിലുറപ്പ് വേതനം ലഭിക്കാതിരുന്നത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. അടിയന്തര തീരുമാനം വന്നതോടെ തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമായ സാഹചര്യമാണ് ഉണ്ടാകുന്നതെന്നും ജോയ്‌സ് ജോർജ് എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.