കൊച്ചി: മൂവാറ്റുപുഴ രാമമംഗലം പഞ്ചായത്ത് പ്രസിഡൻറ് ജെസി രാജുവിനെ അയോഗ്യയാക്കിയ തെരഞ്ഞെടുപ്പു കമീഷൻ നടപടി ഹൈകോടതി ശരിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കിയും ആറുവർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിയുമുള്ള തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് നിലനിൽക്കുമെന്ന് വ്യക്തമാക്കിയാണ് ഹൈകോടതി വിധി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ഹരജിക്കാരി 2015ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പ്രസിഡൻറാവുകയായിരുന്നു. തങ്ങളുടെ പിന്തുണയിൽ ജയിച്ച് പഞ്ചായത്ത് അംഗമായി തുടരുന്നതിനിടെയാണ് ജെസി അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക നൽകിയതെന്നും ഭരണസമിതി കാലാവധി അവസാനിക്കാൻ 14 ദിവസം ബാക്കിയുള്ളപ്പോഴാണ് പത്രിക നൽകിയതെന്നും ചൂണ്ടിക്കാട്ടി സി.പി.ഐ എറണാകുളം ജില്ല കമ്മിറ്റി െതരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. തുടർന്നാണ് കമീഷൻ കൂറുമാറ്റ നിരോധന നിയമപ്രകാരം ജെസിയെ അയോഗ്യയാക്കിയത്. ഇതിനെതിരെയാണ് ജെസി ൈഹകോടതിയെ സമീപിച്ചത്. മുൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചതെന്നും പിന്നീട് മറ്റൊരു പാർട്ടിയിൽ ചേരുന്നത് അയോഗ്യയാക്കാൻ കാരണമല്ലെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം. എന്നാൽ, മുന്നണി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചയാൾ മറ്റേതെങ്കിലും പാർട്ടിയിലേക്ക് മാറുന്നത് കൂറുമാറ്റമാണെന്നും അയോഗ്യത കൽപിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് നിലനിൽക്കുന്നതാണെന്നും വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.