കസേര കത്തിക്കല്‍: അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍

കൊച്ചി: മഹാരാജാസ് പ്രിന്‍സിപ്പലിന്‍െറ കസേര ചുട്ടെരിച്ച സംഭവത്തിന് നേതൃത്വം നല്‍കിയവരെ കണ്ടത്തൊന്‍ കോളജ് ഗവേണിങ് കൗണ്‍സില്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് ഉടന്‍. സംഭവവുമായി ബന്ധപ്പെട്ട് കോളജ് അധികൃതര്‍ അന്നുതന്നെ പൊലീസിന് അറിയിപ്പ് നല്‍കിയെങ്കിലും കോളജിനുള്ളില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനും കസേര കത്തിക്കലിനും നേതൃത്വം നല്‍കിയവരാരൊക്കെയെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കോളജ് ഗവേണിങ് കൗണ്‍സില്‍ ഇടപെട്ട് മുതിര്‍ന്ന രണ്ട് അധ്യാപകരും കോളജ് ഓഫിസ് സൂപ്രണ്ടും അടങ്ങുന്ന മൂന്നംഗ അന്വേഷണ കമീഷനെ നിയോഗിച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശത്തോടെ കഴിഞ്ഞ 25നായിരുന്നു കമീഷനെ ചുമതലപ്പെടുത്തിയത്. കാലാവധി നീട്ടണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടില്ളെങ്കില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീന സദാചാര പൊലീസ് ചമയുകയാണെന്നാരോപിച്ച് കഴിഞ്ഞ 19നാണ് മഹാരാജാസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ചത്. സംഭവത്തില്‍ കോളജിലെ ചില അധ്യാപകര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ആരോപണം. പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ അധ്യാപകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മാത്രമായിരുന്നു സംഭവദിവസം തീരുമാനിച്ചിരുന്നതെന്നാണ് എസ്.എഫ്.ഐ നേതൃത്വവും പിന്നീട് വ്യക്തമാക്കിയത്. ഐക്യദാര്‍ഢ്യ പ്രകടനത്തിനിടെ ചിലര്‍ തന്നിഷ്ടപ്രകാരം കസേര കത്തിക്കുകയായിരുന്നെന്നാണ് സംഭവത്തില്‍ ഇതുവരെയുള്ള വിശദീകരണവും. ബന്ധമുണ്ടെന്ന് കണ്ട മൂന്ന് നേതാക്കളെ എസ്.എഫ്.ഐയില്‍നിന്ന് പുറത്താക്കിയിട്ടും ഇതുവരെ കേസില്‍ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജില്ല നേതൃത്വം അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പൊലീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് പൊലീസ് തയാറെടുക്കുന്നുണ്ടെന്നാണ് സൂചന. ഈ ആഴ്ചതന്നെ അറസ്റ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് എസ്.എഫ്.ഐയും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.