വെടിക്കെട്ട് ഒഴിവാക്കി; കാരുണ്യ പ്രവര്‍ത്തനവുമായി മഞ്ഞപ്ര കാര്‍പ്പിള്ളിക്കാവ് ക്ഷേത്രം

കൊച്ചി: കൊല്ലം വെടിക്കെട്ട് അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ മഞ്ഞപ്ര കാര്‍പ്പിള്ളിക്കാവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടത്തിവരാറുള്ള വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കിയതായി കണ്‍വീനര്‍ ടി.പി. വേണു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വെടിക്കെട്ടിനായി വിനിയോഗിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. അഞ്ച് പെണ്‍കുട്ടികളുടെ വിവാഹം, 51 രോഗികള്‍ക്ക് ചികിത്സ സഹായം എന്നിവക്കായി തുക ഉപയോഗിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 31ന് വൈകീട്ട് അഞ്ചിന് ബി.പി. മൊയ്തീന്‍ സേവ കേന്ദ്രം ഡയറക്ടര്‍ കാഞ്ചനമാല നിര്‍വഹിക്കും. റോജി എം. ജോണ്‍ എം.എല്‍.എ, ജോസ് തെറ്റയില്‍, ശബരിമല മുന്‍ മേല്‍ശാന്തി ആന്ദ്രാശേരി രാമന്‍ നമ്പൂതിരിപ്പാട്, ഡോ. എം.എന്‍. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി എട്ടിന് ക്ഷേത്രം ബാലസമാജം കുട്ടികള്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ഒമ്പതിന് ഗാനമേള എന്നിവ നടക്കും. ഫെബ്രുവരി ഒന്നിന് രാത്രി ഏഴിന് സോപാന സംഗീതം, എട്ടിന് കോടിയേറ്റ്, 8.30ന് കാളിദാസ കലാകേന്ദ്രത്തിന്‍െറ ഡിജിറ്റല്‍ നാടകം മായാദര്‍പ്പണം. രണ്ടിന് വൈകീട്ട് ഏഴിന് ഓട്ടന്തുള്ളല്‍, എട്ടിന് നൃത്തനൃത്യങ്ങള്‍, പത്തിന് കൊടിപ്പുറത്തെ വിളക്ക് എന്നിവ നടക്കും. മൂന്നിന് വൈകീട്ട് ഏഴിന് വയലാര്‍ ഗാനന്ധ്യ, നാലിന് വൈകീട്ട് സംഗീതാര്‍ച്ചന. അഞ്ചിന് വൈകീട്ട് ഡിജിറ്റല്‍ ബാലെ, ഏഴിന് വൈകീട്ട് മൂന്നിന് പകല്‍പൂരം, 4.30ന് കുടമാറ്റം എന്നിവ നടക്കും. എട്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ പി. ജയകുമാര്‍, കെ.കെ. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.