ജാതിക്ക പാര്‍ക്ക് പദ്ധതിക്ക് കേന്ദ്ര സഹായം തേടും

കാലടി: ജാതി കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി നട്മെഗ് പാര്‍ക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സഹായം തേടുമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയമസഭയില്‍ ജാതി കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് ഉന്നയിച്ചതിന്‍െറ ഫലമായി, ജാതി കൃഷിക്ക് ഫിനാന്‍സ് കോഡ് അനുവദിച്ചതോടൊപ്പം ആധുനിക രീതിയിലുള്ള പാര്‍ക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. കാലടിയുടെ സമഗ്രവികസനത്തിന് ബസ് സ്റ്റാന്‍ഡ് നവീകരണത്തിനാവശ്യമായ പദ്ധതിയും തയാറാക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്‍ഡാണ് വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ചിക്പാക് ഏജന്‍സിയെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ ഫണ്ട് അനുവദിച്ച് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും. കാലടി സമാന്തരപാലവും അനുബന്ധറോഡും യു.ഡി.എഫ് ഭരണകാലത്ത് തീരുമാനിച്ച അലൈന്‍മെന്‍റ് പ്രകാരം നടപ്പാക്കും. പ്രാരംഭ ഘട്ടമെന്ന നിലയിലാണ് പെരിയാറില്‍ പരിശോധന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാലടിയിലും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നം പരിഹാരത്തിനായി ഉന്നതതലയോഗം വിളിച്ചിരുന്നു. പ്രധാന ജലസ്രോതസ്സുകളായ ഇടമലയാര്‍, ഇടതുകര എന്നീ കനാലുകളിലൂടെ വെള്ളം തുറന്നുവിട്ട് ജലക്ഷാമം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ബന്ധപ്പെട്ട അണക്കെട്ടുകളില്‍ ജലലഭ്യത കുറവായതിനാലാണ് വെള്ളം തുറന്നുവിടാന്‍ സാധിക്കാത്തത്. നിശ്ചിത അളവില്‍ ജലം അണക്കെട്ടുകളില്‍ ഉയര്‍ന്നാല്‍ മാത്രമെ കനാലിലുടെ സുഗമമായി ജലം ഒഴുകുകയുള്ളു. അതിനായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തും. കാലടി മിനി സിവില്‍ സ്റ്റേഷനില്‍ വിവിധ വകുപ്പുകളുടെ കത്ത് ലഭിക്കുന്നമുറക്ക് റൂമുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിരവധി തീര്‍ഥാടകര്‍ വന്നു പോകുന്ന കാലടിയില്‍ സമഗ്രമായ വികസനത്തിനുള്ള പദ്ധതികളാണ് തയാറാക്കുന്നതെന്നും റോജി എം.ജോണ്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.