സ്ത്രീധനരഹിത സമൂഹത്തിന് യുവാക്കള്‍ മുന്നോട്ട്

ആലുവ:‘സ്ത്രീ തന്നെ ധനം, സ്ത്രീധനം നാടിന് ശാപം’ ആശയവുമായി രംഗത്തത്തെിയ യുവാക്കളുടെ കൂട്ടായ്മ മുന്നോട്ട്. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തുടങ്ങിയ സ്ത്രീധനവിരുദ്ധ മുന്നേറ്റം കൂടുതല്‍ ശക്തമാവുകയാണ്. സ്ത്രീധനം വാങ്ങാതെയും ആര്‍ഭാടം കാട്ടാതെയും വിവാഹം നടത്താന്‍ നിരവധി യുവാക്കള്‍ മുന്നോട്ടുവന്ന സാഹചര്യത്തില്‍ ജാതി, മത, കക്ഷി, രാഷ്ട്രീയങ്ങള്‍ക്കതീതമായി രൂപംനല്‍കിയ ‘എസ്.ആര്‍.എസ്’ എന്ന സംഘടനയുടെ ലോഗോപ്രകാശനം 25ന് നടക്കും. തിരുവനന്തപുരത്ത് മന്ത്രി തോമസ് ഐസക്കാണ് പ്രകാശനം നിര്‍വഹിക്കുന്നത്. ഏഴു മാസങ്ങള്‍ക്കു മുമ്പാണ് സ്ത്രീധനരഹിത സമൂഹത്തിനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. 14 ജില്ലകളിലും ഗള്‍ഫ്രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലുമായി പ്രവര്‍ത്തനവും ബോധവത്കരണവും നടത്തുന്നുണ്ട്. സ്ത്രീധനരഹിതവും ആര്‍ഭാടരഹിതവുമായ വിവാഹങ്ങള്‍ എസ്.ആര്‍.എസിന്‍െറ ശ്രമഫലമായി മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നടന്നു. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ആലുവയില്‍ സംഘടനയുടെ ആസ്ഥാന മന്ദിരം ഉടന്‍ തുറക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വെബ്സൈറ്റ് സംവിധാനത്തിലൂടെ പരമാവധി യുവതീയുവാക്കളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് സ്ത്രീധനരഹിതവും ആര്‍ഭാടരഹിതവുമായ വിവാഹങ്ങള്‍ നടത്താനും തയാറെടുപ്പ് നടത്തുന്നുണ്ട്. ഫെബ്രുവരി മൂന്നിന് ഷാര്‍ജയില്‍ പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.വി. ഷംസുദ്ദീന്‍ വെബ്സൈറ്റ് പ്രകാശനം നിര്‍വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് സുധീര്‍ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി അന്‍വര്‍ഷാ ഷംസു എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.