മാര്‍ച്ചോടെ കുട്ടനാട്ടില്‍ ബി.എസ്.എന്‍.എല്‍ 4ജി

ആലപ്പുഴ: കുട്ടനാട്ടിലെ എല്ലാ പ്രദേശത്തും ബി.എസ്.എന്‍.എല്‍ 4ജി കവറേജ് മാര്‍ച്ചോടെ ലഭ്യമാക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി വിളിച്ചുചേര്‍ത്ത കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗത്തില്‍ ബി.എസ്.എന്‍.എല്‍ അധികൃതര്‍ ഉറപ്പുനല്‍കി. കുട്ടനാട് നിയോജക മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതി അവലോകനവും പുതുതായി നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖയുമാണ് ചര്‍ച്ച നടത്തിയത്. ചിത്തിരക്കായലില്‍ ടവര്‍ സ്ഥാപിച്ച് അഞ്ച് കി.മീ. ചുറ്റളവില്‍ കുട്ടനാട്ടിലെ മിക്ക പ്രദേശങ്ങളിലും ബി.എസ്.എന്‍.എല്‍ കവറേജ് ലഭ്യമാക്കുമെന്നും ബി.എസ്.എന്‍.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു. കുട്ടനാട്ടിലെ എല്ലാ എക്സ്ചേഞ്ചിലും പുതിയ 2ജി, 3ജി ടവറുകളും സ്ഥാപിക്കും. നബാര്‍ഡിന്‍െറ സാമ്പത്തികസഹായത്തോടെയുള്ള വിവിധ പദ്ധതികള്‍ക്ക് അനുവാദം ലഭിച്ചു. അഞ്ഞൂറ്റാം പാടശേഖര സംരക്ഷണത്തിന് 1.41കോടി രൂപയും പൊണ്ടോത്തുകരി പാടശേഖര സംരക്ഷണത്തിന് 1.23 കോടിയും പൊങ്ങ പൂപ്പള്ളി പാടശേഖര സംരക്ഷണത്തിന് 2,34,23,000രൂപയും അനുവദിച്ചതായി നബാര്‍ഡ് ജില്ല മാനേജര്‍ യോഗത്തില്‍ അറിയിച്ചു. കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 195 കോടിയുടെ പുതിയ കുടിവെള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണെന്നും നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ മാര്‍ച്ചില്‍ ഭാഗികമായി കമീഷന്‍ ചെയ്യാനാകുമെന്നും വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. കുട്ടനാട് പാക്കേജിലെ 136 പ്രോജക്ടുകള്‍ കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ നടപ്പാക്കാനാകുന്നില്ല. ഇക്കാര്യം കേന്ദ്രസര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തി എത്രയും വേഗം അംഗീകാരം ലഭ്യമാക്കുമെന്ന് എം.പി അറിയിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ വിദ്യുത് യോജന പദ്ധതിപ്രകാരം 3,97,00,000രൂപ കുട്ടനാട് നിയോജക മണ്ഡലത്തില്‍ ചെലവഴിച്ചു. 574 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭിച്ചതായും യോഗത്തില്‍ കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. കൈനകരി പഞ്ചായത്തിലെ വട്ടക്കായല്‍ ടൂറിസം പ്രോജക്ട് മാര്‍ച്ചില്‍ കമീഷന്‍ ചെയ്യുമെന്ന് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. 15 കോടിയിലധികം രൂപയുടെ ടൂറിസം പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 40 ഹൗസ്ബോട്ടുകള്‍ വരെ ഒരേസമയം നിര്‍ത്തിയിടാന്‍ കഴിയുന്ന ഹാള്‍ട്ടിങ് സ്റ്റേഷന്‍, പൊങ്ങിക്കിടക്കുന്ന ബോട്ട് ജെട്ടികള്‍, ചെറുതും വലുതുമായ കടകള്‍, റസ്റ്റാറന്‍റ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം ശൗചാലയം എന്നിവയും ലഭ്യമാണ്. 95 ലക്ഷം ചെലവില്‍ പള്ളാത്തുരുത്തി ഹൗസ്ബോട്ട് ടെര്‍മിനലിന്‍െറയും 96 ലക്ഷം ചെലവില്‍ നെടുമുടി ബോട്ട് ടെര്‍മിനലിന്‍െറയും നിര്‍മാണം 90 ശതമാനം പൂര്‍ത്തീകരിച്ചതായും മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ എം.പിക്ക് ഉറപ്പുനല്‍കി. യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.