കുടിവെള്ള പൈപ്പ് പൊട്ടല്‍ പതിവ്; ജലനഷ്ടം ഏറെ

പൂച്ചാക്കല്‍/വടുതല: വേനല്‍ കടുത്തതോടെ കുടിവെള്ളത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. എന്നാല്‍, വെള്ളം പാഴാക്കുന്നതില്‍ അധികാരികള്‍ക്ക് ഒരു മടിയുമില്ല. ചെറിയ തകരാര്‍പോലും പരിഹരിക്കാന്‍ കൂട്ടാക്കാത്ത ഇവര്‍ ചേര്‍ത്തല താലൂക്കിന്‍െറ പലഭാഗങ്ങളിലും വലിയ ജലനഷ്ടത്തിന് സഹായകമായ നിലപാടാണ് സ്വീകരിക്കുന്നത്. ദിവസേന ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അരൂരിലും അരൂക്കുറ്റിയിലും വടുതലയിലും പൂച്ചാക്കലിലും പാണാവള്ളിയിലുമെല്ലാം ജനങ്ങള്‍ അതിന്‍െറ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതി തുടങ്ങിയ സമയത്തുതന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു. എത്രമാത്രം ശുദ്ധജലമാണ് അതിന്‍െറ പേരില്‍ പാഴാക്കിക്കളഞ്ഞതെന്ന് അധികാരികള്‍ക്കുതന്നെ നിശ്ചയമില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ജപ്പാന്‍ കുടിവെള്ള പദ്ധതി ചേര്‍ത്തല താലൂക്കില്‍ എത്തിയത്. എന്നാല്‍, അതിന്‍െറ ശുഷ്കാന്തിയോടെയുള്ള നടത്തിപ്പ് ഇന്നും അന്യമാണ്. പ്രദേശത്തെ ജനങ്ങള്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന മാലിന്യം കലര്‍ന്ന ജലം ഉണ്ടാക്കിയിരുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ആശയത്തിന് തുടക്കമിട്ടത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് എത്തിച്ച പദ്ധതി ഇപ്പോള്‍ ഓരോ നിസ്സാര കാര്യങ്ങളുടെ പേരില്‍ ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു. അതില്‍ പ്രധാനം പൈപ്പുപൊട്ടി ജലം പാഴാകുന്നു എന്നതുതന്നെ. പാണാവള്ളി പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ ചാപ്രക്കടവ് ആലുംമാവുങ്കല്‍ റോഡരികില്‍ പൈപ്പ് പൊട്ടി വെള്ളം കുളത്തിലേക്ക് ഒഴുകിപ്പോകുന്നു. വിവരം അധികാരികളെ അറിയിച്ച നാട്ടുകാരാണ് വിഡ്ഢികളായത്. പൈപ്പ് നന്നാക്കാന്‍ ഇതുവരെ ആരും എത്തിയിട്ടില്ല. ഓടമ്പള്ളി നീലംകളത്തിന് സമീപത്തെ പഴയ ജലസംഭരണിയില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പൈപ്പാണ് തകരാറിലായത്. പഞ്ചായത്ത് അധികൃതരെയും ജല വകുപ്പ് അധികാരികളെയും നിരവധിതവണ വിവരം അറിയിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതി എത്തിയപ്പോള്‍ തകരാറിലായ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, വെള്ളം ഇപ്പോഴും പഴയ പൈപ്പിലൂടെ ആയപ്പോള്‍ അതിന് കേടാകാതിരിക്കാന്‍ വയ്യാത്ത അവസ്ഥയായി. ശക്തമായ വേനല്‍ വരാനിരിക്കെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന സൂചനയാണ് പലയിടത്തുനിന്നും ലഭിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടന്ന് ഗ്രാമീണ റോഡുകള്‍ തകരുന്നതും നിത്യസംഭവമാണ്. രണ്ടാഴ്ച മുമ്പ് പൊട്ടിയ പൈപ്പില്‍നിന്ന് ചെറിയതോതില്‍ വന്നിരുന്ന വെള്ളം ഇപ്പോള്‍ വലിയരീതിയിലായി. റോഡിന്‍െറ പല ഭാഗങ്ങളിലും ഇപ്പോള്‍ പൈപ്പ് പൊട്ടല്‍ പതിവായി. ചേര്‍ത്തല-അരൂക്കുറ്റി റോഡിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍. തൃച്ചാറ്റുകുളം വടക്കുഭാഗത്തെ ജപ്പാന്‍ കുടിവെള്ള പൈപ്പാണ് പൊട്ടിയത്. പൈപ്പില്‍നിന്നുള്ള വെള്ളം റോഡില്‍നിന്ന് താഴ്ചയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇതൊടൊപ്പം റോഡിലെ കുഴി വലുതാവുകയും സമീപത്തുനിന്ന് മണ്ണ് ഒലിച്ച് പോവുകയും ചെയ്യുന്നു. റോഡിലെ കുഴി വാഹനയാത്രക്കാര്‍ക്ക് മനസ്സിലാക്കാന്‍ നാട്ടുകാര്‍ കമ്പ് കുത്തിവെച്ചിരിക്കുകയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.