മലിനീകരണം: ചോറ്റാനിക്കരയില്‍ ഹോട്ടലുകള്‍ക്കെതിരെ നടപടി

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപത്തെ പൊതുകാനയിലേക്ക് ലോഡ്ജുകളിലെയും ഹോട്ടലുകളിലെയും ശൗചാലയങ്ങളില്‍നിന്ന് മലിനജലമൊഴുക്കുന്നത് തടഞ്ഞ് ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല ഉത്തരവിട്ടു. മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തിയ ഗണേഷ് ഭവന്‍, രാജേശ്വരി, കൃഷ്ണ റസ്റ്റ് ഹൗസ്, ശ്രീവിനായക എന്നീ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു. പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകുന്ന സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടറുടെ നടപടി. ചോറ്റാനിക്കര നിവാസികളായ വീട്ടമ്മമാരടക്കം സമര്‍പ്പിച്ച പരാതിയില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍, ശുചിത്വ മിഷന്‍, പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത്, വില്ളേജ് ഓഫിസര്‍, തഹസില്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ റിപ്പോര്‍ട്ടും തേടിയിരുന്നു. ഹോട്ടലുകളും ലോഡ്ജുകളും മറ്റ് സ്ഥാപനങ്ങളും പുറന്തള്ളുന്ന മലിനജലത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്‍െറ സാന്നിധ്യം സംശയിക്കുന്നുണ്ടെന്നും ഇതുമൂലം ജലസ്രോതസ്സുകള്‍ മലിനമായിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് പകര്‍ച്ചവ്യാധിക്കുള്ള സാധ്യത സംബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫിസറും മുന്നറിയിപ്പ് നല്‍കി. രൂക്ഷമായ വരള്‍ച്ചക്ക് സാധ്യത നിലനില്‍ക്കുന്നതിനാല്‍ ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകാതിരിക്കാന്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ദുരന്ത നിവാരണ വിഭാഗവും വ്യക്തമാക്കിയിരുന്നു. ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ സ്ഥാപനങ്ങളിലെ മലിനജലം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ സമിതി വരുംദിവസങ്ങളില്‍ പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും. ശൗചാലയ മാലിന്യ സംസ്കരണ സംവിധാനം തൃപ്തികരമല്ളെങ്കില്‍ പൊതുജനാരോഗ്യ സംരക്ഷണ നിയമം, ദുരന്ത നിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ശുചിത്വ മിഷന്‍െറ ചുമതലയുള്ള അസി. ഡെവലപ്മെന്‍റ് കമീഷണര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍, കണയന്നൂര്‍ വില്ളേജ് ഓഫിസര്‍ എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.