കാലടി: മറ്റൂര്‍ ജങ്ഷനില്‍ എം.സി റോഡിനോട് ചേര്‍ന്നുള്ള ചാക്കുകടക്ക് തീ പിടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് ശ്രീമൂലനഗരം പുറയാര്‍ സ്വദേശി മുഹമ്മദലി, പൗലോസ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ വാടകക്ക് എടുത്തിരുന്ന ചാക്കുകടക്ക് തീ പിടിച്ചത്. കടയുടെ പിന്നില്‍ സൂക്ഷിച്ചിരുന്ന ചാക്കുകെട്ടുകളുടെ വന്‍ ശേഖരം തീപിടിത്തത്തില്‍ കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ചാക്കുകള്‍ കെട്ടുകളാക്കി സൂക്ഷിച്ചിരുന്ന പറമ്പിന് സമീപം മാലിന്യത്തിന് തീയിട്ടപ്പോള്‍ അതില്‍നിന്ന് തീ പടര്‍ന്നുപിടിച്ചതാകാമെന്നാണ് നിഗമനം. സമീപത്തെ കച്ചവടക്കാരും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുമാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന്, പെരുമ്പാവൂര്‍, ആലുവ, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് യൂനിറ്റ് എത്തിയാണ് തീയണച്ചത്. മൂന്നുമണിക്കൂര്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് തീ അണക്കാന്‍ സാധിച്ചത്. ചാക്കുകടക്ക് സമീപത്തെ സി.പി.എമ്മിന്‍െറ മറ്റൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസിലേക്കും തീ പടര്‍ന്നെങ്കിലും ഉടന്‍ അണക്കാനായി. ഇതിന് അടുത്ത റേഷന്‍ കടയിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. റേഷന്‍ കടയില്‍ ആറ് വീപ്പയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ ഇതിനിടെ പുറത്തേക്ക് മാറ്റിയിരുന്നു. ചാക്കുകടക്ക് പിന്‍വശത്തെ ഓടിട്ട കെട്ടിടവും പൂര്‍ണമായും കത്തിനശിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഈ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുന്നുണ്ടായിരുന്നു. തീ പടരുന്നതുകണ്ട് ഇവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തത്തെുടര്‍ന്ന് മണിക്കൂറുകളോളം എം.സി റോഡില്‍ ഗതാഗതം സ്തംഭിച്ചു. മന്ത്രി കെ.ടി. ജലീല്‍, എം.എല്‍.എമാരായ റോജി എം.ജോണ്‍, അന്‍വര്‍ സാദത്ത്, തഹസില്‍ദാര്‍ സന്ധ്യദേവി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.എസ്. ശ്രീകുമാര്‍, വില്ളേജ് ഓഫിസര്‍ അജിതാകുമാരി, പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ. തുളസി, ജില്ല പഞ്ചായത്തംഗം ശാരദ മോഹന്‍, മുന്‍ എം.എല്‍.എ ജോസ് തെറ്റയില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.