സംവരണം: പരാതികള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തും –നിയമസഭാ സമിതി

കൊച്ചി: പിന്നാക്ക സമുദായ സംവരണത്തിലെ അപാകതകള്‍ സംബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്കുള്ള പരാതികള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ പെടുത്തുമെന്ന് പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി. കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണന ആവശ്യമായി വരുന്ന വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന സമര്‍പ്പിക്കുമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷനായ സമിതി, കലക്ടറേറ്റില്‍ നടത്തിയ സിറ്റിങ്ങില്‍ വ്യക്തമാക്കി. പരമ്പരാഗത കളിമണ്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വേളാര്‍ സമുദായത്തിന് നിലവില്‍ നല്‍കി വരുന്ന ധനസഹായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കും. വന്‍തോതില്‍ കളിമണ്‍ ഖനനം നടത്തുന്നവര്‍ക്കെതിരായ നടപടികള്‍ പരമ്പരാഗത തൊഴിലാളികളെ ബാധിക്കരുത്. ഇക്കാര്യത്തില്‍ പൊലീസിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കാന്‍ ശിപാര്‍ശ ചെയ്യും. പരമ്പരാഗത തൊഴിലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ, വീരശൈവ, ചവളര്‍ വിഭാഗക്കാര്‍ സമര്‍പ്പിച്ച പരാതികളും ഗൗരവമായി പരിഗണിക്കുമെന്ന് സമിതി വ്യക്തമാക്കി.ചവളര്‍ സമുദായത്തിന് മറ്റര്‍ഹ സമുദായ (ഒ.ഇ.സി)ത്തിന്‍െറ സമ്പൂര്‍ണ പദവി ലഭ്യമാക്കണമെന്ന് കോതമംഗലം ആസ്ഥാനമായ ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി നിയമസഭാ സമിതി മുമ്പാകെ ആവശ്യപ്പെട്ടു. സിവില്‍ സര്‍വിസില്‍ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങളെ കുറിച്ച് സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തണമെന്നും സിറ്റിങില്‍ ആവശ്യമുയര്‍ന്നു. വരുമാന പരിധിയുടെ പേരില്‍ വിദ്യാഭ്യാസാവകാശങ്ങള്‍ ഹനിക്കുന്ന സമീപനം തിരുത്താന്‍ നിയമസഭാ സമിതി ഇടപെടണമെന്ന് മുസ്ലിം എംപ്ളോയീസ് കള്‍ചറല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്ളസ് ടു തലം മുതല്‍ ബിരുദ ബിരുദാനന്തര ബിരുദ തലത്തിലും സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സുകളിലും സംവരണത്തിന് നോണ്‍ ക്രീമിലെയര്‍ പദവി ഏകീകൃത മാനദണ്ഡമായി നിശ്ചയിക്കണം. നോണ്‍ ക്രീമിലെയര്‍ അര്‍ഹതയ്ക്കുള്ള വാര്‍ഷിക വരുമാന പരിധി ആറു ലക്ഷത്തില്‍നിന്നും 12 ലക്ഷം രൂപയാക്കണമെന്നും മെക്ക ഭാരവാഹികള്‍ പറഞ്ഞു. നിയമസഭ സമിതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാത്ത വകുപ്പുകള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എം.എല്‍.എമാരായ പി.കെ. ശശി, കെ. ആന്‍സലന്‍, എല്‍ദോസ് കുന്നപ്പിള്ളി, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് സി.കെ. പ്രകാശ് എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.