കാനമാലിന്യം അദൈ്വതാശ്രമ വളപ്പില്‍ തള്ളി; പ്രതിഷേധം ശക്തമായപ്പോള്‍ നീക്കി

ആലുവ: മഹാശിവരാത്രി ആഘോഷത്തിനും ലോക സര്‍വമത സമ്മേളനത്തിനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദൈ്വതാശ്രമം വളപ്പിലേക്ക് പൊതുകാനയില്‍നിന്നുള്ള മാലിന്യം കോരിയിട്ട് നഗരസഭ കൗണ്‍സിലറുടെ പോര്‍വിളി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമാണ് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദക്കും അന്തേവാസികള്‍ക്കും നേരെ നഗരസഭ കൗണ്‍സിലര്‍ വെല്ലുവിളിച്ചത്. രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധം ഉയര്‍ന്നതോടെ കോരിയിട്ട മാലിന്യം നീക്കാന്‍ കൗണ്‍സിലര്‍ നിര്‍ബന്ധിതമായി. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലിനജലം ഒഴുകുന്ന കാന അദൈ്വതാശ്രമത്തിന് സമീപത്തുകൂടെ പെരിയാറ്റില്‍ അവസാനിക്കുകയാണ്. മലിനജലം പെരിയാറ്റിലേക്ക് ഒഴുക്കുന്നതിനെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അദൈ്വതാശ്രമത്തോടുചേര്‍ന്ന് ലക്ഷക്കണക്കിന് രൂപ മുടക്കി മലിനജല സംസ്കരണ പ്ളാന്‍റ് സ്ഥാപിച്ചിരുന്നു. അദൈ്വതാശ്രമത്തിലേക്ക് വലിയ വാഹനങ്ങള്‍ വരുന്നതിന് വഴിയായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് മലിനജല പ്ളാന്‍റിലേക്ക് പോകുന്നതിനും ഉപയോഗിച്ചിരുന്നത്. സ്ഥലം നഗരസഭക്ക് നല്‍കാതെയാണ് നടപ്പവകാശം മാത്രം വിട്ടുനല്‍കിയത്. ഈ ചരിത്രമൊന്നും തിരിച്ചറിയാതെ കൗണ്‍സിലര്‍ സ്വാമിക്കും അന്തേവാസികള്‍ക്കും മുന്നില്‍ ആക്രോശം കാട്ടുകയായിരുന്നു. ‘ഞങ്ങളുടെ റോഡാണ്. ഞാന്‍ ഇഷ്ടമുള്ളത് ചെയ്യും. സ്വാമി ആരാ ചോദിക്കാന്‍?’ എന്നിങ്ങനെ പറഞ്ഞാണ് കൗണ്‍സിലര്‍ ബഹളംവെച്ചത്. സംഭവമറിഞ്ഞത്തെിയ മറ്റ് കൗണ്‍സിലര്‍മാര്‍ വിവാദ കൗണ്‍സിലറുമായി സംസാരിച്ചപ്പോള്‍ ‘കഴിഞ്ഞ സര്‍വമത സമ്മേളനത്തിന് വാര്‍ഡ് കൗണ്‍സിലറായ എന്നെ വിളിച്ചില്ല, എന്നെ അംഗീകരിക്കാത്ത ആശ്രമം അധികൃതരോട് താന്‍ ഇങ്ങനെയേ പെരുമാറേണ്ടതുള്ളൂ’ എന്നായിരുന്നു മറുപടി. കൗണ്‍സിലര്‍ പോര്‍വിളി മുറുകിയപ്പോള്‍ ഡി.സി.സി പ്രസിഡന്‍റ് ടി.ജെ. വിനോദിനെ സ്വാമി ഫോണില്‍ വിവരമറിയിച്ചപ്പോള്‍ ‘ഏത് വിനോദിന്‍െറ അടുത്ത് പറഞ്ഞിട്ടും കാര്യമില്ളെന്നാ’യി കൗണ്‍സിലര്‍. ആശ്രമം അന്തേവാസികളെല്ലാം കേട്ടുകൊണ്ടിരിക്കെയാണ് കൗണ്‍സിലറുടെ ആക്രോശം. ഡി.സി.സി പ്രസിഡന്‍റിന്‍െറ നിര്‍ദേശപ്രകാരം നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവിന്‍െറ നിര്‍ദേശപ്രകാരം നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്‍റ് കെ.ജി. ഹരിദാസ്, കൗണ്‍സിലര്‍ എ.സി. സന്തോഷ് കുമാര്‍, എസ്.എന്‍.ഡി.പി യോഗം യൂനിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മോഹനന്‍, വി. സന്തോഷ് ബാബു, കെ.എസ്. സ്വാമിനാഥന്‍, പി.ആര്‍. നിര്‍മല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകളത്തെി മാലിന്യം നീക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് കൗണ്‍സിലര്‍ പിന്മാറിയത്. അദൈ്വതാശ്രമത്തിന്‍െറ മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദയോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്‍റ്കൂടിയായ നഗരസഭ കൗണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് പരാതി നല്‍കുമെന്ന് എസ്.എന്‍.ഡി.പി യോഗം യൂനിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മോഹനന്‍, വി. സന്തോഷ് ബാബു, കെ.എസ്. സ്വാമിനാഥന്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.