തൃക്കാക്കരയിലെ ‘ധൂര്‍ത്തിന്‍െറ സ്മാരകം’ പൊളിക്കുന്നു

കാക്കനാട്: ജനകീയാസൂത്രണത്തില്‍ കോടികള്‍ ഒഴുക്കി ധൂര്‍ത്തിന്‍െറ സ്മാരകമായി മാറിയ കാക്കനാട്ടെ ഡോ. ബി.ആര്‍ അംബേദ്കര്‍-അയ്യങ്കാളി തൊഴില്‍ പരിശീലന കേന്ദ്രം തൃക്കാക്കര നഗരസഭ പൊളിക്കുന്നു. കാല്‍ നൂറ്റാണ്ടു മുമ്പ് അന്നത്തെ തൃക്കാക്കര പഞ്ചായത്ത്  ഭരണസമിതി നിര്‍മിച്ച കെട്ടിടം ഇതുവരെ പട്ടിക വിഭാഗം യുവതീയുവാക്കള്‍ക്ക് പ്രയോജനപ്പെട്ടില്ല. തൃക്കാക്കര മുനിസിപ്പല്‍ സ്കൂളിനു സമീപം വര്‍ഷങ്ങളായി അടച്ചിട്ട കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. പട്ടികവിഭാഗം യുവാക്കള്‍ക്ക് എന്‍ജിനീയറിങ് പരിശീലനത്തിനായി വാങ്ങിയ ലെയിത്ത്, കംപ്രസറുകള്‍, വിലപിടിപ്പുള്ള അലമാരകള്‍, ടണ്‍കണക്കിന് ഇരുമ്പു പട്ടകള്‍, തയ്യല്‍ പരിശീലനത്തിന് വാങ്ങിയ 13 ഫാഷന്‍ തയ്യല്‍ മെഷിനുകള്‍, 10 വര്‍ഷം മുമ്പ് പരിശീലനത്തിനായി പഞ്ചായത്ത് ഭരണസമിതി വാങ്ങിയ കമ്പ്യൂട്ടറുകളും അനുബന്ധസൗകര്യങ്ങളുമെല്ലാം തുരുമ്പെടുത്തു. പരിശീലന കേന്ദ്രത്തില്‍നിന്ന് ഫാഷന്‍ തയ്യല്‍ മെഷീനുകളുടെ ടോപ്പുകള്‍ മോഷണം പോയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തൊഴില്‍ പരിശീലന കേന്ദ്രത്തിന്‍െറ മറവില്‍ കോടികള്‍ ഒഴുക്കിയതിന്‍െറ രേഖകളും മുനിസിപ്പല്‍ ഓഫിസില്‍ ഇപ്പോള്‍ ലഭ്യമല്ല. പട്ടിക വിഭാഗ സംഘടനകളും കേന്ദ്രം തുറക്കാന്‍ ആവശ്യമുന്നയിച്ച് വരാതിരുന്നതും ഫണ്ട് ധൂര്‍ത്തടിക്കാന്‍ അധികൃതര്‍ക്ക് പ്രേരണയായി. തൃക്കാക്കര പഞ്ചായത്തായിരിക്കുമ്പോഴാണ് ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി വിവിധ തൊഴില്‍ കെട്ടിട നിര്‍മാണത്തിനും തൊഴില്‍ പരിശീലനത്തിനുമായി കോടികള്‍ ഒഴുക്കിയത്. മാറിവന്ന മുനിസിപ്പല്‍ ഭരണ സമിതികള്‍ പട്ടിക വിഭാഗ ഫണ്ട് തൊഴില്‍  പരിശീലനത്തിനായി ചെലവഴിച്ച് ധൂര്‍ത്തടിക്കുകയായിരുന്നു. പതിറ്റാണ്ടിലേറെ അടച്ചിട്ട ശേഷം മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാലയുടെ കാലത്ത് തുറന്ന പരിശീലന കേന്ദ്രത്തില്‍ മൂന്നു മാസത്തെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ തുടങ്ങിയത് മാത്രമാണ് സമുദായത്തിലെ യുവതീയുവാക്കള്‍ക്ക് പ്രയോജനപ്പെട്ടത്. മൂന്നു മാസം മാത്രം പ്രവര്‍ത്തിച്ച പരിശീലന കേന്ദ്രം അടച്ചശേഷം തുറന്നിട്ടുമില്ല. പരിശീലന കേന്ദ്രം പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും അടുത്ത കാലംവരെ കെട്ടിടത്തില്‍ പെയിന്‍റിങ് ജോലികള്‍ നഗരസഭ അധികൃതര്‍ മുടക്കം വരുത്തിയിരുന്നില്ല. പരിശീലന കേന്ദ്രം പൊളിച്ചുനീക്കി അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് അംബേദ്കര്‍ സാംസ്കാരിക സമിതി പ്രസിഡന്‍റ് ടി.എം. തങ്കപ്പന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.