യുവതിയുടെ പേരില്‍ അശ്ളീല സന്ദേശം: അഭിഭാഷകനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ആലുവ :മനുഷ്യാവകാശ കമീഷന്‍ ഇടപെടലിനെ തുടര്‍ന്ന് യുവതിയുടെ പേരില്‍ അശ്ളീല സന്ദേശം പ്രചരിപ്പിച്ച അഭിഭാഷകനെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ യുവതിയുടെ പേരില്‍ അശ്ളീല സന്ദേശം പ്രചരിപ്പിച്ച അഭിഭാഷകനെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. എന്നാല്‍, പരാതി അവഗണിച്ച പൊലീസ് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാന്‍ തയാറായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണ് യുവതി. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ജി മെയില്‍ മെസഞ്ചറില്‍ നിന്നുമാണ് പലര്‍ക്കും അശ്ളീല സന്ദേശങ്ങള്‍ അയച്ചത്. യുവതിയുടെ ഫേസ്ബുക്കിന്‍െറയും മെസഞ്ചറിന്‍െറയും പിന്‍ നമ്പര്‍ ചോര്‍ത്തിയാണ് അക്കൗണ്ടില്‍ കയറിയത്. യുവതിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരഞ്ഞുപിടിച്ചാണ് സന്ദേശമയച്ചത്. ഇത്തരത്തില്‍ അശ്ളീല സന്ദേശം ലഭിച്ച സുഹൃത്താണ് യുവതിയെ വിവരം അറിയിച്ചത്. തുടര്‍ന്ന് യുവതി പിറവം പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ അഭിഭാഷകന്‍െറ വീട്ടിലെയും മറ്റൊരു അഭിഭാഷകന്‍െറ ഓഫീസിലെയും കമ്പ്യൂട്ടറുകളില്‍ നിന്നാണ് സന്ദേശങ്ങള്‍ പ്രവഹിച്ചതെന്ന് വ്യക്തമായി. എന്നാല്‍, തുടര്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് വിമുഖത കാണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുവതി കഴിഞ്ഞ ജൂലൈ എട്ടിന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസിന് ഹരജി നല്‍കിയത്. കമീഷന്‍െറ നിര്‍ദേശപ്രകാരം റൂറല്‍ എസ്.പി ആവശ്യപ്പെട്ടതനുസരിച്ചാണ് പിറവം പൊലീസ് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. അശ്ളീല സന്ദേശം അയച്ചതിന്‍െറ തെളിവുകളും യുവതി കമീഷന്‍ മുമ്പാകെ ഹാജരാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.