ഓണാട്ടുകരയില്‍ കെട്ടുത്സവങ്ങള്‍ക്ക് തുടക്കം

ചാരുംമൂട്: ചുനക്കര തിരുവൈരൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ട തിരുവുത്സവത്തിന് സമാപനം കുറിച്ച് നടന്ന വര്‍ണാഭ കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി. കെട്ടുകാഴ്ച കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലത്തെിച്ചേര്‍ന്നത്. ചുനക്കര ക്ഷേത്രത്തിലെ കെട്ടുകാഴ്ചയോടെ ഓണാട്ടുകരയില്‍ കെട്ടുത്സവങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്.ക്ഷേത്രവുമായി ബന്ധപ്പെട്ട തെക്കുംമുറി, കരിമുളക്കല്‍, കോമല്ലൂര്‍, വടക്കുംമുറി, കിഴക്കുംമുറി എന്നീ കരകളുടെ നേതൃത്വത്തിലാണ് കെട്ടുകാഴ്ചകളായ കൂറ്റന്‍ ജോടിക്കാളകളെ തയാറാക്കുന്നത്. കൊടിയേറ്റുദിവസം രാവിലെ മുതല്‍ കരകളുടെ കേന്ദ്രങ്ങളില്‍ ആരംഭിച്ച കെട്ടുകാഴ്ച നിര്‍മാണം ബുധനാഴ്ച രാവിലെയോടെ പൂര്‍ത്തിയായി. ദേശത്തിന്‍െറ പ്രൗഢിയും ശില്‍പചാരുതയും പ്രകടമായ കെട്ടുകാഴ്ചകള്‍ കരക്കാരൊന്നടങ്കം ചേര്‍ന്നാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. വിവിധ വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെയായിരുന്നു കെട്ടുകാഴ്ച വരവ്. അലങ്കരിച്ച ഗജവീരന്മാരും നേര്‍ച്ചക്കാളകളും കെട്ടുകാഴ്ചക്ക് മാറ്റുകൂട്ടി. വര്‍ണവിസ്മയം തീര്‍ത്ത കെട്ടുകാഴ്ചകള്‍ വൈകുന്നേരം നാലോടെ ക്ഷേത്രത്തിന് സമീപത്തെ കളിക്കണ്ടത്തില്‍ അണിനിരന്നു. തുടര്‍ന്ന് ജീവത എഴുന്നള്ളി അനുഗ്രഹം ചൊരിഞ്ഞതോടെ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് നീങ്ങി. യഥാക്രമം ക്ഷേത്രത്തിന് വലംവെച്ച് യഥാസ്ഥാനങ്ങളില്‍ നിലയുറപ്പിച്ചതോടെ കെട്ടുകാഴ്ചക്കും തിരുവുത്സവത്തിനും സമാപ്തിയായി. തുടര്‍ന്ന് തൃക്കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, ആറാട്ട് വരവ്, വലിയ കാണിക്ക എന്നീ ചടങ്ങുകളും കലാപരിപാടികളും നടന്നു. ക്ഷേത്ര മേല്‍ശാന്തി ശീരവള്ളി ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, ദേവസ്വം സമിതി പ്രസിഡന്‍റ് യു. അനില്‍കുമാര്‍, സെക്രട്ടറി പി. ഉദയകുമാര്‍, പി. പങ്കജാക്ഷക്കുറുപ്പ്, പ്രദീപ്കുമാര്‍, സുരേഷ് കുമാര്‍, വിദ്യാധരന്‍, എസ്.കെ. സുരേഷ്, കെ. ശശിധരന്‍, എസ്. മധു, പി. വിശ്വനാഥന്‍ നായര്‍, കെ. ഗംഗാധരന്‍ പിള്ള, അജിത് കുമാര്‍, ഗോപാലക്കുറുപ്പ്, കെ. മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.