പുഞ്ചക്കൊയ്ത്ത്; സര്‍ക്കാറിന്‍െറ യന്ത്രങ്ങള്‍ക്ക് ജി.പി.എസ് ഘടിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ ഈ മാസം 20ന് ആരംഭിക്കുന്ന പുഞ്ചക്കൊയ്ത്തിന് ഉപയോഗിക്കുന്ന സര്‍ക്കാറിന്‍െറ യന്ത്രങ്ങള്‍ക്കെല്ലാം ജി.പി.എസ് ഘടിപ്പിക്കും. ദുരുപയോഗം തടയാനാണിത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കൃഷിക്കാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ 531 പാടശേഖരങ്ങളിലായി 26,606 ഹെക്ടര്‍ സ്ഥലത്തെ കൊയ്ത്താണ് 20 മുതല്‍ ആരംഭിക്കുക. ബന്ധപ്പെട്ട കൃഷി ഓഫിസറുടെ അനുമതിപത്രത്തോടൊപ്പം പാടശേഖരസമിതി പ്രസിഡന്‍റിനോ സെക്രട്ടറിക്കോ മാത്രമെ കൊയ്ത്ത് യന്ത്രങ്ങള്‍ നല്‍കൂ. ജങ്കാര്‍ ഉപയോഗിക്കേണ്ട ഇടങ്ങളിലും കായല്‍ നിലങ്ങളിലും മണിക്കൂറിന് 1,800 രൂപയും മറ്റു പ്രദേശങ്ങളില്‍ 1,650 രൂപയുമാണ് പരമാവധി വാടക. കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി നിരക്കാണ് ഇതെന്നും ഇതിലും കുറച്ച് ഏജന്‍റുമാര്‍ക്കും പാടശേഖരസമിതിക്കും നിരക്ക് നിശ്ചയിക്കാവുന്നതാണെന്നും കലക്ടര്‍ പറഞ്ഞു. ചേര്‍ത്തല, അമ്പലപ്പുഴ, ചമ്പക്കുളം മേഖലകളില്‍ 1,100 ഹെക്ടര്‍ പാടശേഖരത്തെ കൊയ്ത്ത് 28നുമുമ്പ് പൂര്‍ത്തിയാക്കും. ഹരിപ്പാട്, ചമ്പക്കുളം, രാമങ്കരി എന്നിവിടങ്ങളിലെ 4,605 ഹെക്ടറിലെ കൊയ്ത്ത് മാര്‍ച്ച് ഒന്നിനും 15നും ഇടയില്‍ നടത്തണം. 12,700 ഹെക്ടര്‍ വരുന്ന രാമങ്കരി, ചമ്പക്കുളം, അമ്പലപ്പുഴ എന്നിവിടങ്ങളിലെ കൊയ്ത്ത് മാര്‍ച്ച് 16നും 31നും ഇടയിലും ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ 6,300 ഹെക്ടര്‍ കൊയ്ത്ത് ഏപ്രില്‍ ഒന്നിനും 15നും ഇടയിലും അപ്പര്‍ കുട്ടനാട്ടിലെ 1,300 ഹെക്ടര്‍ ഏപ്രില്‍ അവസാനവും അപ്പര്‍ കുട്ടനാട്ടിലെ 550 ഹെക്ടര്‍ മേയ് ആദ്യവാരവും കൊയ്ത്ത് നടത്താനാണ് തീരുമാനം. ജില്ലയില്‍ 10,020 ഹെക്ടറില്‍ കുട്ടനാട് പ്രദേശത്ത് രണ്ടാംകൃഷി ചെയ്തതില്‍ 176 ഹെക്ടറില്‍ മുഞ്ഞബാധ മൂലവും 476 ഹെക്ടറില്‍ ഇലപ്പുള്ളി രോഗവും മൂലവും 75 ഹെക്ടറില്‍ വരിനെല്ല് ബാധിച്ചും 58 ഹെക്ടറില്‍ വേനല്‍ മഴ മൂലവും നശിച്ചതായി 2016ലെ രണ്ടാം കൃഷി അവലോകനം ചെയ്ത് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുല്‍ കരീം പറഞ്ഞു. രണ്ടാം കൃഷി വിളവെടുപ്പിനോടനുബന്ധിച്ച് സപൈ്ളകോ മുഖേന 52,218 ടണ്‍ നെല്ല് കിലോക്ക്് 22.50 രൂപ പ്രകാരം സംഭരിച്ചു. നെല്ലിന്‍െറ വിലയായ 117.5 കോടിയില്‍ 92.5 കോടി 47,923 കര്‍ഷകര്‍ക്ക് നല്‍കി. യോഗത്തില്‍ കലക്ടര്‍ വീണ എന്‍. മാധവന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.