ആലുവ: മണ്ഡലകാലത്ത് ശബരിമലയില്‍ നടപ്പാക്കി വിജയിച്ച പ്രകൃതിസൗഹൃദ പദ്ധതികള്‍ അതേപടി ശിവരാത്രിക്ക് മണപ്പുറത്തും നടപ്പാക്കാന്‍ ശിവരാത്രി അവലോകന യോഗത്തില്‍ തീരുമാനം. ശിവരാത്രിയാഘോഷം ഇത്തവണ ഹരിതാഭമാക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ശിവരാത്രി ദിവസം മണപ്പുറത്ത് പ്ളാസ്റ്റിക് നിരോധിച്ചു. പ്ളാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം, മറ്റ് ശീതളപാനീയങ്ങള്‍ എന്നിവ വില്‍ക്കുന്നതിനും വിലക്കുണ്ട്. 5,000 ലിറ്റര്‍ വീതം വിതരണംചെയ്യാന്‍ കഴിയുന്ന അഞ്ച് ചുക്കുവെള്ള കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിക്കും. ഇത്തവണ ദേവസ്വം ബോര്‍ഡ് 20 ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കും. ബലിതര്‍പ്പണത്തിന് വാഴയിലക്കുപകരം ഡിസ്പോസിബ്ള്‍, പ്ളാസ്റ്റിക് പ്ളേയ്റ്റുകള്‍ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ബലിതര്‍പ്പണത്തിന് 50 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ബലിപ്പുരകള്‍ ദേവസ്വം ബോര്‍ഡ് നിര്‍മിച്ചു നല്‍കും. കൂടുതല്‍ വഴിപാട് കൗണ്ടറുകള്‍ തുറക്കും. ഇതാദ്യമായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പുരോഹിതന്മാര്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ദേവസ്വം ബോര്‍ഡിന്‍െറ മൂന്ന് ബലിത്തറകള്‍ മണപ്പുറത്തുണ്ടാകും. ഒരേ സമയം 750 പേര്‍ക്ക് ബലിയര്‍പ്പിക്കാന്‍ സാധിക്കും. ബലിതര്‍പ്പണത്തിന് പുഴയിലിറങ്ങുന്നവരുടെ സുരക്ഷക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കാനും കടവുകളില്‍ മണല്‍ചാക്കുകള്‍ വിരിക്കാനും തീരുമാനമായി. കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സ്റ്റാന്‍ഡ് വടക്കെ മണപ്പുറത്ത് സജ്ജമാക്കും. ആവശ്യത്തിന് പൊലീസുകാരെയും നിയോഗിക്കാന്‍ നിര്‍ദേശമുണ്ടായി. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, കമീഷണര്‍ സി.വി. രാമരാജ പ്രസാദ്, സെക്രട്ടറി വി.എസ്. ജയകുമാര്‍, ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്‍, ആലുവ നഗരസഭ ചെയര്‍പേഴ്സന്‍ ലിസി എബ്രഹാം, ആലുവ തഹസില്‍ദാര്‍ സന്ധ്യാദേവി, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.