കോതമംഗലം: നഗരസഭയുടെ കുമ്പളത്തുമുറിയിലെ ഡമ്പിങ് യാര്‍ഡ് വിപുലീകരണത്തിനായി സ്ഥലമേറ്റെടുക്കല്‍ തീരുമാനം വിവാദമാകുന്നു. ഉയര്‍ന്ന വില നല്‍കി അനുയോജ്യമല്ലാത്ത സ്ഥലം ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നു. തിങ്കളാഴ്ച ചേര്‍ന്ന പര്‍ച്ചേസ് കമ്മിറ്റി കൂടിയ വിലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ച് ചൊവ്വാഴ്ച നടക്കുന്ന നഗരസഭ കൗണ്‍സിലില്‍ അംഗീകാരം നേടാന്‍ ശ്രമിച്ചതോടെയാണ് വിഷയം പുറത്ത് വരുന്നത്. മൂന്ന് ഏക്കര്‍ സ്ഥലമാണ് നഗരസഭ വാങ്ങാന്‍ ശ്രമം നടത്തുന്നത്. സെന്‍റിന് 30,000 രൂപക്ക് ഡമ്പിങ് യാര്‍ഡിനോട് ചേര്‍ന്ന സ്ഥലം വാങ്ങാന്‍ നടപടികളുമായി മുന്നോട്ട് പോകവെ എതിര്‍പ്പുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തുവരുകയും നടപടി നിര്‍ത്തിവെക്കുകയുമായിരുന്നു. എന്നാല്‍, തിങ്കളാഴ്ച ചേര്‍ന്ന പര്‍ച്ചേസ് കമ്മിറ്റി സെന്‍റിന് 60,000 രൂപക്ക് മറ്റൊരു സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു. മാലിന്യ നിക്ഷേപത്തിന് യോജിച്ചതല്ലാത്ത പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലമാണ് കൂടിയ തുകക്ക് നഗരസഭ വാങ്ങാന്‍ തയാറെടുക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് സ്ഥലം വാങ്ങുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷാംഗങ്ങള്‍പോലും കൂടിയ വില നല്‍കി ഏറ്റെടുക്കുന്നതിനെ എതിര്‍ത്തിട്ടില്ല. നഗരസഭ ചട്ടങ്ങള്‍ പാലിച്ചല്ല ഏറ്റെടുക്കല്‍ നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതെന്നാണ് സൂചന. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍പോലും ചര്‍ച്ച ചെയ്യാതെ നടത്തിയ ഇടപാട് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്‍റിന് പരാതി അയച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളും കൗണ്‍സിലര്‍മാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.