ഭവനരഹിതര്‍ക്ക് വീട് നല്‍കാന്‍ പദ്ധതി സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

കൊച്ചി: ജില്ലയില്‍ ഭൂമിയുണ്ടായിട്ടും വീട് നിര്‍മിക്കാന്‍ കഴിയാത്തവരുടെയും ഭൂമിയും വീടും ഇല്ലാത്തവരുടെയും ദുരിതം അവസാനിപ്പിക്കാനാവശ്യമായ പദ്ധതി സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. ആക്ടിങ് ചെയര്‍പേഴ്സന്‍ പി. മോഹന്‍ദാസ് ജില്ല കലക്ടര്‍ക്കും സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്കുമാണ് നോട്ടീസയച്ചത്. മൂന്നാഴ്ചക്കകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ഭരണഘടനയുടെ 21ാം അനുച്ഛേദം അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്‍െറ ലംഘനമാണ് ജില്ലയില്‍ നടക്കുന്നതെന്ന് കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചൂണ്ടിക്കാണിച്ചു. ജീവിക്കാനുള്ള അവകാശത്തില്‍ താമസിക്കാനൊരു വീട് എന്ന അവകാശവും അന്തര്‍ലീനമാണ്. ജില്ലയില്‍ ഭൂമിയുണ്ടായിട്ടും 34746 പേര്‍ക്ക് വീടില്ല. ഭൂമിയും വീടും ഇല്ലാത്തവരുടെ എണ്ണം 15084 ആണ്. ഇവര്‍ ഭവനരഹിത ജനകീയ കൂട്ടായ്മയുണ്ടാക്കി നടത്തിയ സമരങ്ങള്‍ക്ക് കണക്കില്ല. കൊച്ചി മെട്രോ നഗരമായി വികസിച്ചപ്പോള്‍ വീടില്ലാത്തവര്‍ നഗരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതായി കമീഷന്‍ ചൂണ്ടിക്കാണിച്ചു. ഫ്ളാറ്റ് സംസ്കാരത്തിന്‍െറ കടന്നുകയറ്റം കാരണം ഇവര്‍ സ്വന്തം ഭൂമിയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു. പരിഹാരം അന്വേഷിച്ച് ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയ നഗരത്തില്‍ പിടിമുറുക്കിയപ്പോള്‍ ചെറിയ വാടക നല്‍കി താമസിച്ചവരും കുടിയൊഴിപ്പിക്കപ്പെട്ടു. വാടക നിയന്ത്രണാതീതമായതോടെ പാവങ്ങള്‍ക്ക് താമസിക്കാന്‍ വീടുകള്‍ പോലും കിട്ടാതായെന്നും കമീഷന്‍ നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.