കോളജ് കാന്‍റീനില്‍ വിളമ്പിയ ഭക്ഷണത്തില്‍ പഴുതാര

കോലഞ്ചേരി: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് കാന്‍റീനില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പഴുതാര. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എന്‍ജിനീയറിങ് കോളജിലാണ് സംഭവം. ശനിയാഴ്ച ഉച്ചക്ക് വിളമ്പിയ ബിരിയാണിയിലാണ് ചത്തപഴുതാരയെ കണ്ടത്തെിയത്. വിവരം കാന്‍റീന്‍ നടത്തിപ്പുകാരെ അറിയിച്ചതോടെ സംഭവം രഹസ്യമാക്കണമെന്നും പരാതിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പുതിയ ഭക്ഷണം നല്‍കാമെന്നും മറ്റുള്ളവര്‍ക്ക് ഇതുതന്നെ നല്‍കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വിദ്യാര്‍ഥികള്‍ വഴങ്ങാതെ വന്നതോടെ ഭീഷണിയുമുണ്ടായി.ഹോസ്റ്റലില്‍ താമസിക്കുന്ന 400 ഓളം വിദ്യാര്‍ഥികളാണ് ശനിയാഴ്ച ഇവിടെ ഭക്ഷണം കഴിക്കാനത്തെിയത്. സംഭവം വിവാദമായതോടെ ഇവര്‍ക്ക് പുറമേനിന്ന് ഭക്ഷണം വരുത്തി നല്‍കി. കാന്‍റീനില്‍ നിലവാരമില്ലാത്ത ഭക്ഷണമാണ് വിളമ്പുന്നതെന്ന പരാതി ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. ആഴ്ചകള്‍ക്ക്മുമ്പ് ഭക്ഷണത്തില്‍നിന്ന് കുപ്പിച്ചില്ല് തൊണ്ടയില്‍ കുടുങ്ങി വിദ്യാര്‍ഥിക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ സമയം കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. മാനേജ്മെന്‍െറ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ പലരീതിയില്‍ വേട്ടയാടുകയാണ്. ഹോസ്റ്റലില്‍ ഫാനില്ലാതിരുന്നത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തു. കോളജില്‍നിന്ന് ഹോസ്റ്റലിലേക്ക് ബൈക്കില്‍ പോകുന്ന വിദ്യാര്‍ഥികളില്‍നിന്ന് പിഴ ഈടാക്കുന്നുണ്ട്. അനാവശ്യമായി ഫൈന്‍ അടിച്ചേല്‍പിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന കോളജില്‍ സംഘടനാ സ്വാതന്ത്ര്യവും വിലക്കിയിട്ടുണ്ട്. ഇതുമൂലം പീഡനങ്ങള്‍ പുറത്തറിയാതെ പോകുകയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതേസമയം വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിലര്‍ അനാവശ്യ വിവാദത്തിന് ശ്രമിക്കുകയാണെന്നും കോളജ് എക്സി.ഡയറക്ടര്‍ എം.എ. രാജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.