മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ േകന്ദ്രസംഘം ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. േകന്ദ്ര ജല കമീഷനിലെ ബീച്ച് ഇറിഗേഷൻ ഡയറക്ടറേറ്റ് വിഭാഗം ഡയറക്ടർ ആർ. തങ്കമണിയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. തോപ്പുംപടി, ചെല്ലാനം, വൈപ്പിൻ തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച സംഘം ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസംഘം രാവിലെ നെടുമ്പാശ്ശേരിയില്‍ വിവിധ വകുപ്പുകളുടെ ജില്ലതല മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിലെ നാശനഷ്ടങ്ങള്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല ധരിപ്പിച്ചു. വീടുകള്‍ക്കും മത്സ്യബന്ധന നൗകകള്‍ക്കുമുണ്ടായ നാശം, കൃഷിനാശം, റോഡ്, ജലസേചനം, കുടിവെള്ള വിതരണം തുടങ്ങിയവക്കുണ്ടായ നാശം, ജീവഹാനി എന്നിവ സംബന്ധിച്ച് സ്ഥിതിവിവരക്കണക്കുകളടങ്ങിയ റിപ്പോര്‍ട്ടും കൈമാറി. കൊച്ചിയിൽനിന്നുപോയ ഒമ്പത് ബോട്ടും 92 തൊഴിലാളികളും കണ്ടെത്താനായില്ലെന്ന് തൊഴിലാളി പ്രതിനിധികൾ തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കി. ഇവർക്കായി പ്രത്യേക തിരച്ചിൽ വേണമെന്നും ആവശ്യപ്പെട്ടു. 15 കോടി അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ചെല്ലാനത്ത് എത്തി. കണ്ണമാലി പള്ളിക്ക് തെക്ക് പുന്നക്കല്‍ ആൻറണിയുടെ വീട് സന്ദർശിച്ചു. പുത്തന്‍തോട് ഗ്യാപ്, ചെല്ലാനം ബസാര്‍, കമ്പനിപ്പടി, വേളാങ്കണ്ണി എന്നിവിടങ്ങൾ സന്ദര്‍ശിച്ചു. ഇവിടെ കടല്‍ഭിത്തികളുടെ അഭാവം സംബന്ധിച്ച് പരിശോധന നടത്തി. തുടര്‍ന്ന്, വെള്ളക്കെട്ടില്‍ വീണ് മരിച്ച റെക്സെൻറ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഉച്ചക്കുശേഷം വൈപ്പിൻ സന്ദര്‍ശിച്ചു. എസ്. ശര്‍മ എം.എല്‍.എയും ജനപ്രതിനിധികളും സംഘത്തിന് വിശദീകരണം നല്‍കി. എടവനക്കാട് അണിയല്‍ കടപ്പുറത്തും തകര്‍ന്ന വീടുകള്‍ സംഘം സന്ദര്‍ശിച്ചു. കെ.വി. തോമസ് എം.പി, കെ.ജെ. മാക്സി എം.എൽ.എ, കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ്, ജില്ല സപ്ലൈ ഓഫിസർ വൈക്കം രാമചന്ദ്രൻ, മട്ടാഞ്ചേരി അസി കമീഷണർ എസ്. വിജയൻ, ലോങ് ലൈൻ ബോട്ട് ആൻഡ് ഗിൽനെറ്റ് ബയിങ് ഏജൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. മജീദ്, പ്രസിഡൻറ് എ.എം. നൗഷാദ്, ദുരന്തനിവാരണ വകുപ്പ്, എം.പി.ഇ.ഡി.എ അധികൃതർ എന്നിവർ സംബന്ധിച്ചു. കലക്ടർ നൽകിയ റിപ്പോർട്ടിൽ ഓഖിയെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ വിവിധ ഇനങ്ങളിലായി 3015.55 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയില്‍ കണക്കാക്കിയത്. 10 വീടും ആറ് കുടിലും പൂര്‍ണമായി തകര്‍ന്നു. 464 വീടിന് നാശനഷ്ടം സംഭവിച്ചു. രണ്ട് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.