തീരദേശ ജനതയോട് ബാങ്കുകള്‍ കാട്ടുന്ന നിഷേധാത്മക സമീപനം അവസാനിപ്പിക്കണം ^ എം.പി

തീരദേശ ജനതയോട് ബാങ്കുകള്‍ കാട്ടുന്ന നിഷേധാത്മക സമീപനം അവസാനിപ്പിക്കണം - എം.പി ആലപ്പുഴ: മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശ ജനതയോട് ബാങ്കുകള്‍ കാട്ടുന്ന നിഷേധാത്മക സമീപനം അവസാനിപ്പിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. ജില്ലതല ബാങ്കിങ് അവലോകന യോഗത്തിലാണ് എം.പിയുടെ വിമർശനം. തീരദേശത്തെ ബാങ്ക് ശാഖകള്‍ മത്സ്യത്തൊഴിലാളികള്‍ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന വായ്പ ഒരു ശതമാനത്തില്‍ താഴെയാണ്. ഓഖി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട തീരദേശജനതയുടെ വായ്പ അടക്കമുള്ള ആവശ്യങ്ങളില്‍ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കാന്‍ ബാങ്കുകള്‍ തയാറാകണം. മത്സ്യത്തൊഴിലാളികളും ഈ രാജ്യത്തെ പൗരന്മാരാണെന്നും മറ്റുള്ളവർക്കൊപ്പം അവർക്കും ബാങ്കുകളിൽ പരിഗണന ലഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. നിക്ഷേപങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ ത്രൈമാസ കാലയളവിൽ 303 കോടിയുടെ കുറവുണ്ടായി. എസ്.ബിയുടെ സാമൂഹിക സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഗ്രാമീണ സ്വയംതൊഴിൽ പരീശീലനകേന്ദ്രത്തി​െൻറ നിർമാണം വൈകുന്നതിൽ എം.പി അതൃപ്തി അറിയിച്ചു. സംസ്ഥാനത്തിന് പൊതുവിൽ മുതൽക്കൂട്ടാവുന്ന ഒരു സ്ഥാപനമെന്ന നിലക്ക് പരിശീലനകേന്ദ്രത്തി​െൻറ നിർമാണം ഉടൻ പൂർത്തിയാക്കണം. എസ്.ബി.ഐ-എസ്.ബി.ടി ലയനത്തെ തുടർന്ന് രണ്ട് ശാഖകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഒരെണ്ണം നിർത്തലാക്കാനുള്ള തീരുമാനത്തി​െൻറ മറവിൽ നൂറുകണക്കിന് ബാങ്ക് ശാഖകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽനിന്നും എസ്.ബി.ഐ പിന്തിരിയണം. വിവിധ സ്കീമുകളുടെയും വിവിധ വകുപ്പുകളുടെയും തരംതിരിച്ചുള്ള വിശദാംശങ്ങൾ അടുത്ത യോഗത്തിൽ ഹാജരാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ജയതീർഥൻ, റിസർവ് ബാങ്ക് എ.ജി.എം ജോസഫ്, ലീഡ് ബാങ്ക് മാനേജർ വിദ്യാധരൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.