റഷ്യന്‍ യുവസംഘം കുഫോസ് സന്ദര്‍ശിച്ചു

കൊച്ചി-: യുവതീ യുവാക്കൾ അടങ്ങിയ 48 പേരുടെ റഷ്യന്‍സംഘം കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) സന്ദര്‍ശിച്ചു. ഇന്ത്യയും റഷ്യയും തമ്മിലെ സാംസ്‌കാരിക വിനിമയ കരാറി​െൻറ ഭാഗമായി ഒമ്പത് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ റഷ്യന്‍ സംഘമാണ് കുഫോസില്‍ ഒരു പകല്‍ ചെലവഴിച്ചത്. രാവിലെ 10ന് എത്തിയ സംഘത്തെ രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജും വിദ്യാർഥികളും ചേര്‍ന്ന് സ്വീകരിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രനുമായി നടത്തിയ ചർച്ചക്കുശേഷം കുഫോസി​െൻറ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കി. വിദ്യാർഥികളുമായി രണ്ട് മണിക്കൂറോളം സംവദിച്ചു. വൈകീട്ട് അഞ്ചുവരെ കുഫോസില്‍ ചെലവഴിച്ച റഷ്യന്‍ സന്ദര്‍ശകര്‍ക്കായി കുഫോസിലെ വിദ്യാർഥികള്‍ ഓട്ടന്‍തുള്ളലും തിരുവാതിരക്കളിയും ഉള്‍പ്പെടെയുള്ള തനത് കലാരൂപങ്ങളുടെ വിരുന്നൊരുക്കി. റഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യൂനിവേഴ്‌സിറ്റി വിദ്യാർഥികളും അധ്യാപകരും സാംസ്‌കാരിക മന്ത്രാലയത്തിലെ ജീവനക്കാരും അടങ്ങിയതാണ് സംഘം. രണ്ടുദിവസം കേരളത്തില്‍ തങ്ങുന്ന ഇവർ സന്ദര്‍ശനത്തിന് തെരഞ്ഞെടുത്ത സംസ്ഥാനത്തെ ഏക യൂനിവേഴ്‌സിറ്റി കുഫോസ് ആണ്. വെള്ളിയാഴ്ച തൃപ്പൂണിത്തുറ ആയുര്‍വേദ കോളജും ഹില്‍പാലസും സന്ദര്‍ശിക്കുന്ന റഷ്യന്‍സംഘം രാത്രിയോടെ തിരിച്ച് ഡൽഹിക്ക് പോകും. 20ന് ഡൽഹിയില്‍നിന്ന് മടങ്ങും. മോസ്‌കോയില്‍നിന്നുള്ള അന്ന സൈഗന്‍കോവയാണ് സംഘത്തെ നയിക്കുന്നത്. കേന്ദ്ര യുവജനക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും റഷ്യന്‍സംഘത്തെ അനുഗമിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.