(ചിത്രം എ.പി 100 -എൻ. ഷെരീഫ്) അശരണർക്കും ആലംബഹീനർക്കും ആശ്വാസത്തിെൻറ തിരിനാളമായി മാറുകയാണ് മാവേലിക്കര താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസർ ആയിരുന്ന ചുനക്കര തെക്ക് സലിം ഭവനിൽ (വാലുപറമ്പിൽ) എൻ. ഷെരീഫ്. വിദ്യാർഥികൾക്കും നിർധനരോഗികൾക്കും സഹായം നൽകുന്ന ഇൗ പരോപകാരി ആശ്വാസം തേടി പൊതുവിദ്യാലയങ്ങൾ, അനാഥാലയങ്ങൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്കും സഹായഹസ്തം നീട്ടാൻ മടിക്കാറില്ല. 1999ൽ പിതാവ് നാവൂർ റാവുത്തരുടെ സ്മരണക്കായി ഫൗണ്ടേഷൻ രൂപവത്കരിച്ചതോടെയാണ് നിശ്ശബ്ദമായി നടത്തിയിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നാട്ടുകാർ അറിയുന്നത്. ജീവകാരുണ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ശ്രദ്ധവെച്ചായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പിന്നീട് നിരാലംബരായ അശരണരുടെ അവശതകൾ തെൻറ സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് പ്രവർത്തിക്കുകയായിരുന്നു. ചുനക്കര ഗവ. യു.പി സ്കൂൾ, ചാരുംമൂട് സെൻറ് മേരീസ് എൽ.പി സ്കൂൾ, താമരക്കുളം വി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ വിവിധ വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കായി സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയായിരുന്നു വിദ്യാഭ്യാസരംഗത്തെ തുടക്കം. ചുനക്കര പഞ്ചായത്തിലെ വിവിധ വാർഡിലെ വിദ്യാർഥികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് കാഷ് അവാർഡും ഉപഹാരങ്ങളും നൽകുന്നു. പട്ടികജാതി വിദ്യാർഥികളുടെ ഉന്നമനത്തിന് പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചു. താമരക്കുളം പഞ്ചായത്തിലെ പേരൂർക്കാരാഴ്മയിൽ അംഗൻവാടിക്കായി മൂന്നുസെൻറ് വസ്തു വാങ്ങി നൽകി. കരിമുളയ്ക്കൽ എൽ.പി സ്കൂളിൽ പാചകപ്പുരക്കും ചുനക്കര ഗവ. ഹൈസ്കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ ഊണ് മേശകൾക്കും അംഗൻവാടി പ്രീപ്രൈമറി സ്കൂളുകളിലെ വിദ്യാർഥികൾക്ക് യൂനിഫോമിനും സഹായം നൽകി. നിർധന കുടുംബങ്ങളിലെ മൂന്ന് വിദ്യാർഥികളുടെ നഴ്സിങ് പഠനം ഏറ്റെടുത്ത് ജോലി വാങ്ങി നൽകിയതും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമാണ്. മാതൃഭാഷ പഠനത്തിനും പരിഗണന നൽകിയ ഇദ്ദേഹം കുട്ടികളിൽ വായനശീലം വളർത്താൻ വിവിധ സ്കൂളുകളിൽ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങൾ വാങ്ങി നൽകുന്നതിലും ശ്രദ്ധാലുവായി. എൻ. ഷെരീഫിെൻറ സഹായഹസ്തം നീളാത്ത സാധാരണക്കാരെൻറ ഒരു പ്രസ്ഥാനവും നാട്ടിലില്ലെന്ന് പറയാം. ചുനക്കര പാലിയേറ്റിവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനം, ചുനക്കര ബഡ്സ് സ്കൂൾ തുടങ്ങിയവ ഇവയിൽ ചിലതു മാത്രം. ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്നവരുടെ വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ അവരെ കണ്ടെത്തി സഹായിക്കാൻ എന്നും മുന്നിലുണ്ടാകാറുണ്ട്. കലാ-കായിക രംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കാനും ഷെരീഫ് ഫൗണ്ടേഷൻ നിർലോഭമായ സഹായമാണ് നൽകുന്നത്. റവന്യൂ ജില്ല കേരളോത്സവത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബ്ലോക്ക് പഞ്ചായത്തിനുള്ള ട്രോഫി, ജില്ല ഐ.ടി.സി കലോത്സവത്തിലെ കലാപ്രതിഭ-കലാതിലകം ട്രോഫികൾ, മാവേലിക്കര വിദ്യാഭ്യാസ ജില്ല സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ േപായൻറ് നേടുന്ന സ്കൂളിനുള്ള ട്രോഫികൾ, ചാരുംമൂട് യുവദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന ഫുട്ബാൾ മത്സരത്തിനുള്ള കാഷ് അവാർഡ് എന്നിവ മുടങ്ങാതെ നൽകുന്നു. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തും നിറസാന്നിധ്യമാണ്. സി.പി.എം ചുനക്കര തെക്ക് ബ്രാഞ്ച് കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം ചാരുംമൂട് ഏരിയ വൈസ് പ്രസിഡൻറ്, ആർട്ടിസ്റ്റ് ചുനക്കര കെ.ആർ. രാജൻ ഫൗണ്ടേഷൻ ചെയർമാൻ, ചാരുംമൂട് പൗരസമിതി രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. താമരക്കുളം ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി ഏറ്റെടുത്തിരുന്നു. വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തിയ ഇദ്ദേഹം കായംകുളം എം.എസ്.എം കോളജിൽ കെ.എസ്.എഫ്, എസ്.എഫ്.ഐ എന്നിവയുടെ ആദ്യകാല ഭാരവാഹികളിൽ ഒരാളായിരുന്നു. അധ്യാപികയായിരുന്ന ഭാര്യ ഹമീദ ബീവിയും എൻജിനീയറിങ് ബിരുദധാരികളായ മക്കൾ ജിഷ, ഷെഫ, രേഷ്മ എന്നിവരും പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഒപ്പമുണ്ട്. -വള്ളികുന്നം പ്രഭ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.