കൊച്ചി: ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് ചുരുങ്ങിയ കാലയളവിൽ 100 കിേലായോളം കഞ്ചാവ് കടത്തിയ യുവാവ് ഒരുകോടിയുടെ മയക്കുമരുന്നുമായി അറസ്റ്റിൽ. ഇടുക്കി മുരിക്കാശ്ശേരി പതിനാറാംകണ്ടം മൂലംപുഴയിൽ വീട്ടിൽ ബാഹുലാണ് (30) തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിെൻറ പിടിയിലായത്. ഓണക്കാലത്ത് വിതരണത്തിന് കൊണ്ടുവന്ന 250 ഗ്രാം ഹഷീഷും അഞ്ചുകിലോ കഞ്ചാവും പ്രതിയിൽനിന്ന് കണ്ടെടുത്തു. ട്രെയിൻ മാർഗമാണ് ഇയാൾ കേരളത്തിലേക്ക് കടത്തുന്നത്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട കഞ്ചാവ് വിതരണക്കാരിൽനിന്നാണ് ബാഹുലിനെക്കുറിച്ച് വിവരം ലഭിച്ചത്. ഒരുമാസമായി ഇയാളുടെ നീക്കം നിരീക്ഷിച്ചുവരുകയായിരുന്നു. ഇയാളുടെ ജ്യേഷ്ഠസഹോദരൻ 22 കിലോ കഞ്ചാവുമായി ഏഴുകൊല്ലം മുമ്പ് അറസ്റ്റിലായിരുന്നു. ഈ സഹോദരനാണ് ആന്ധ്രയിൽ താമസിച്ച് ബാഹുലിന് കഞ്ചാവ് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവും ഹഷീഷുമായി വരുന്നതറിഞ്ഞ പൊലീസ് സംഘം ഇടപാടുകാരെന്ന വ്യാജേന സമീപിച്ചാണ് കസ്റ്റഡിയിലെടുത്തത്. 2004ൽ മോഷണത്തിന് അടിമാലി പൊലീസും വിദേശമദ്യം കടത്തിയതിന് 2015ൽ ഇടുക്കി പൊലീസും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കുറഞ്ഞ വിലയ്ക്ക് ആന്ധ്രയിൽനിന്ന് ലഭിക്കുന്ന കഞ്ചാവ് കേരളത്തിൽ ചില്ലറ വിൽപന നടത്തുമ്പോൾ കിലോക്ക് 40,000 രൂപയോളം ലാഭം ലഭിക്കുമെന്ന് പ്രതി വെളിപ്പെടുത്തി. ഓണക്കാലത്ത് കൂടുതൽ ആവശ്യക്കാരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹഷീഷും കഞ്ചാവും കടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് ഹിൽപാലസ് സി.ഐ പി.എസ്. ഷിജു പറഞ്ഞു. എസ്.ഐ സനൽ, ജൂനിയർ എസ്.ഐ അനസ്, എ.എസ്.ഐമാരായ സുരേഷ്, ജോസി, മധുസൂദനൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.