വില വർധന: ഗൾഫിലേക്കുള്ള ഓണം പച്ചക്കറി കയറ്റുമതിയിൽ വൻ ഇടിവ്

നെടുമ്പാശ്ശേരി: സംസ്ഥാനത്ത് പച്ചക്കറിക്ക് തീവിലയായത് കയറ്റുമതിയേയും ബാധിച്ചു. സാധാരണ അത്തം മുതൽ വിമാനത്താവളത്തിൽനിന്ന് ഗൾഫിലേക്ക് വൻതോതിൽ പച്ചക്കറികളും പഴവർഗങ്ങളും കയറ്റുമതി ചെയ്യാറുണ്ട്. ഇക്കുറി പ്രതീക്ഷിച്ചതുപോലെ ചരക്ക് എത്തുന്നില്ല. ശരാശരി 130 ടൺ വരെ മാത്രമേ കയറ്റുമതി ചെയ്യുന്നുള്ളൂ. വ്യാപാരികൾ പലരും ഒരു വർഷത്തേക്കുള്ള കയറ്റുമതിയുടെ ഓർഡറാണ് നേരത്തേ എടുക്കുന്നത്. അവിചാരിതമായി വില കുതിച്ചതോടെ വ്യാപാരികൾ വൻ നഷ്ടത്തിലാണ്. അതുകൊണ്ട് കരാറുള്ള കമ്പനികൾക്ക് നഷ്ടം സഹിച്ചും സാധനങ്ങൾ അയയ്ക്കുകയാണ്. കരാറിലുള്ള സാധനങ്ങളല്ലാതെ മറ്റിനങ്ങൾ അയക്കാൻ ഇവർ തയാറാവുന്നില്ല. അതാണ് കയറ്റുമതി ഇടിയാൻ കാരണം. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമാണ് കേരളത്തിലെ കയറ്റുമതി വ്യാപാരികളിൽ ഏറെയും പച്ചക്കറി മൊത്തമായി വാങ്ങിയിരുന്നത്. ചിലരെല്ലാം കർഷകർക്ക് കൃഷിയിറക്കുന്നതിനുപോലും മുൻകൂറായി പണം നൽകിയിരുന്നു. എന്നാൽ, തമിഴ്നാട്ടിലും കർണാടകയിലും ഒരു പോലെ ഉൽപാദനം കുറഞ്ഞതാണ് വ്യാപാരികളെ വിഷമത്തിലാക്കിയത്. സാധാരണ വലിയ തോതിൽ ഏത്തക്കായയും ഞാവൽ, പൂവൻ പഴങ്ങളും കയറ്റി അയക്കാറുണ്ട്. എന്നാൽ, ഇക്കുറി ഇതി​െൻറ കയറ്റുമതിയിൽ വലിയ ഇടിവുണ്ട്. ഉള്ളി, തക്കാളി തുടങ്ങിയവയും പരിമിത തോതിൽ മാത്രമാണ് അയക്കുന്നത്. വിവിധ ഇനം ഉപ്പേരികളും കാര്യമായി അയക്കുന്നില്ല. വിലവർധനക്ക് പുറമേ ജി.എസ്.ടി പ്രശ്നവും വിനയായി. പച്ചക്കറികൾക്ക് ജി.എസ്.ടിയില്ലെങ്കിലും കയറ്റുമതി ചെയ്യണമെങ്കിൽ വിമാനക്കമ്പനികൾ ജി.എസ്.ടി അയക്കണം. ഇതുമൂലം കാർഗോ കയറ്റുമതിക്കുള്ള നിരക്കും വർധിച്ചിട്ടുണ്ട്. ഇതോടെ ഗൾഫ് മലയാളികൾക്ക് ഇക്കുറി ഒാണം പൊള്ളുന്ന ആഘോഷമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.