എം.സി റോഡിൽ ‍ ഇന്നലെയുണ്ടായത് മൂന്ന് അപകടങ്ങൾ

കൂത്താട്ടുകുളം: എം.സി റോഡിൽ ‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. തിങ്കളാഴ്ച രാവിലെ ആറിന് എം.സി റോഡില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. കോട്ടയത്ത് ലോഡ് ഇറക്കിയശേഷം മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എം.സി റോഡില്‍ പ്രതീക്ഷഭവന് സമീപത്ത് നിയന്ത്രണംവിട്ട് റോഡിന് സമീപത്തുള്ള തോട്ടിലേക്ക് മറിഞ്ഞാണ് അപകടം. ലോറിയുടെ കാബിന്‍ വെള്ളത്തിനടിയിലായെങ്കിലും ഡ്രൈവര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. രണ്ട് മാസത്തിനിടെ ഇതേ സ്ഥലത്ത് ഉണ്ടാകുന്ന എട്ടാമത്തെ അപകടമാണിത്. ഉച്ചക്ക് ഒന്നിന് മൂവാറ്റുപുഴയിൽനിന്നും കൂത്താട്ടുകുളത്തേക്ക് വരുകയായിരുന്ന ഗുഡ്സ് വാന്‍ എം.സി റോഡില്‍ കാലിക്കട്ട് വളവിന് സമീപം മറിഞ്ഞു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം റോഡ്‌ നിര്‍മാണത്തിന് കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്‍ കൂനയില്‍ കയറി സമീപത്തെ കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ മൂവാറ്റുപുഴ പരനോല്‍ ശാമോന്‍ (21) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വൈകീട്ട് 3.15 ന് കൂത്താട്ടുകുളം - പിറവം റോഡില്‍ ഇടയാര്‍ കവലയില്‍ കാറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടയാറില്‍നിന്നും കൂത്താട്ടുകുളം ടൗണിലേക്ക് പോകുകയായിരുന്ന കാറില്‍ കൂത്താട്ടുകുളത്ത് നിന്നും പിറവം ഭാഗേത്തക്ക് പോകുകയായിരുന്ന വാന്‍ ഇടിക്കുകയായിരുന്നു. എം.സി റോഡിൽ കെ.എസ്.ടി.പി നിർമാണം ആരംഭിച്ചതിനു ശേഷം നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. തുടർ അപകടങ്ങളെ സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് പരിഹാരമാർഗങ്ങൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കൂത്താട്ടുകുളം വികസന സമിതി കൺവീനർ പി.ജി. സുനിൽകുമാർ കെ.എസ്.ടി.പി ഡയറക്ടർക്കും റോഡ് സുരക്ഷ അതോറിറ്റിക്കും നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.