അര്‍ബന്‍ ഹാറ്റ് നോക്കുകുത്തിയാകുന്നു

മൂവാറ്റുപുഴ: നിർമാണം പൂർത്തിയായി രണ്ടുവർഷം പിന്നിട്ടിട്ടും രണ്ടുകോടി ചെലവഴിച്ച് നഗരസഭ നിര്‍മിച്ച മൂവാറ്റുപുഴ . ശരിയായ ആസൂത്രണമില്ലായ്മ മൂലം സംസ്ഥാനത്തെ ആദ്യത്തെ അര്‍ബന്‍ഹാറ്റാണ് നോക്കുകുത്തിയായി മാറുന്നത്. നഗരസഭയുടെ കീഴില്‍ കാവുങ്കര ബസ് സ്റ്റാൻഡിനുസമീപമാണ് അര്‍ബന്‍ഹാറ്റ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. മൂവാറ്റുപുഴയില്‍ അര്‍ബന്‍ഹാറ്റ് നിര്‍മിക്കാൻ ഏഴുവര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഒരുകോടി അനുവദിച്ചിരുന്നു. എന്നാല്‍, നിര്‍മാണം അനിശ്ചിതമായി നീളുകയായിരുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ അവസാന കാലയളവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കേന്ദ്രഫണ്ടായി ലഭിച്ച ഒരുകോടിയും ഈ തുക ബാങ്കില്‍ നിക്ഷേപിച്ച വകയില്‍ പലിശയിനത്തില്‍ ലഭിച്ച 40 ലക്ഷവും അര്‍ബന്‍ഹാറ്റി​െൻറ അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ അനുവദിച്ച തുകയും ഉള്‍പ്പെടെ രണ്ടുകോടിയോളം ചെലവഴിച്ചാണ് അര്‍ബന്‍ഹാറ്റ് പൂര്‍ത്തീകരിച്ചത്. ഉദ്ഘാടനം നടത്തി രണ്ടുവര്‍ഷം പിന്നിടുമ്പോഴും പേരിനുപോലും ഇവിടെ ഒരുപരിപാടി സംഘടിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്തി​െൻറ വിവിധ മേഖലകളില്‍നിന്നുള്ള കലാകാരന്മാര്‍ക്ക് അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാനും കരകൗശല വസ്തുക്കളും ചിത്രങ്ങളും വില്‍ക്കാനുമുള്ള സൗകര്യത്തോടെയാണ് അര്‍ബന്‍ ഹാറ്റ് പദ്ധതി പൂര്‍ത്തീകരിച്ചത്. വിവിധ സംസ്‌കാരങ്ങളുടെ സംഗമ കേന്ദ്രമാകുന്നതോടൊപ്പം വിപുല വാണിജ്യവ്യവസായ വിനിമയത്തിനുള്ള വേദികൂടിയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 40- ഒാളം വിപണന സ്റ്റാളുകളും തുറന്ന വേദിയും കോണ്‍ഫറന്‍സ് ഹാളും വിനോദകേന്ദ്രവും പുറത്തുനിന്ന് എത്തുന്ന കലാകാരന്മാര്‍ക്കും വ്യാപാരികള്‍ക്കുമുള്ള താമസ സൗകര്യങ്ങളുമുള്‍പ്പെടെയുള്ളവയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. നേരത്തേ കുടുംബശ്രീയുടെ സംസ്ഥാനതല സാംസ്‌കാരികമേള ഇവിടെ സംഘടിപ്പിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. മൂവാറ്റുപുഴ നഗരത്തി​െൻറ വികസനത്തില്‍ നാഴികക്കല്ലായി അര്‍ബന്‍ ഹാറ്റ് മാറുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ. എന്നാല്‍, പദ്ധതികള്‍ നടപ്പാക്കാനും വിഭാവനം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തതുമൂലം കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടവും അനുബന്ധസൗകര്യങ്ങളും വെറുതെ കിടന്ന് നശിക്കുന്ന സ്ഥിതിയിലാണ്. മലയാളികളുടെ ഉത്സവമായ ഓണത്തിനെങ്കിലും അര്‍ബന്‍ഹാറ്റില്‍ ആരവമുയരുമെന്ന പ്രതീക്ഷയിലാണ് ജനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.