ആലപ്പുഴ ഇ.എസ്​.ഐ ആശുപത്രിക്ക്​ പുതിയ കെട്ടിട സമുച്ചയം നിർമിക്കും

ആലപ്പുഴ: ബീച്ച് വാർഡിലെ ഇ.എസ്.ഐ ആശുപത്രിക്ക് ആധുനിക ചികിത്സസൗകര്യങ്ങളോടെ പുതിയ കെട്ടിട സമുച്ചയം നിർമിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. നിർമാണം സംബന്ധിച്ച് ധന-പൊതുമരാമത്ത് മന്ത്രിമാരോട് ആലോചിച്ച് ധാരണയിലെത്തി. ഇൻഷുറൻസ് മെഡിക്കൽ കോർപറേഷ​െൻറ അനുമതിക്കും നടപടി സ്വീകരിച്ചു. അനുമതി ലഭിച്ചാലുടൻ നിർമാണം ആരംഭിക്കും. മാലിന്യസംസ്കരണം, ജലശുദ്ധീകരണം, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളോടെ പുതിയ ആശുപത്രി സമുച്ചയം രൂപകൽപന ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു. ആശുപത്രി സന്ദർശിച്ച മന്ത്രി, ഇൻഷുറൻസ് മെഡിക്കൽ സർവിസ് ഡയറക്ടർ ഡോ. ആർ. അജിത നായർ, ആശുപത്രി സൂപ്രണ്ട് ഡോ. എ.പി. മുഹമ്മദ് എന്നിവർക്ക് ശോച്യാവസ്ഥ പരിഹരിക്കാൻ ഉൾപ്പെടെ അടിയന്തര നടപടിക്ക് നിർദേശം നൽകി. 53 വർഷം മുമ്പ് നിർമിച്ച ആശുപത്രി കെട്ടിടത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ മന്ത്രിയെ ധരിപ്പിച്ചു. ഇരുനില കെട്ടിടത്തി​െൻറ ചുവരുകൾ പൊളിഞ്ഞ് ചോർന്നൊലിക്കുന്നുണ്ട്. 15 ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാൻ പരിമിത സൗകര്യമാണുള്ളത്. കൺസൽട്ടിങ് റൂമുകളും ചികിത്സയിൽ കഴിയുന്ന രോഗികളെയും മന്ത്രി സന്ദർശിച്ചു. ശൗചാലയങ്ങളുടെ ശോച്യാവസ്ഥ രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയെ അറിയിച്ചു. നിർമിതി കേന്ദ്രത്തി​െൻറ സഹായത്തോടെ ടോയ്ലറ്റുകൾ ഉടൻ പുതുക്കിപ്പണിയുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഫാർമസി, സ്കാനിങ് റൂം, അടുക്കള എന്നിവിടങ്ങളിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും മന്ത്രി നേരിട്ട് മനസ്സിലാക്കി. ഫാർമസിയിലെ മരുന്നുകളുടെ ലഭ്യത, വിതരണം ചെയ്യുന്ന രീതി എന്നിവ ചോദിച്ചറിഞ്ഞു. അനുവദനീയ ബജറ്റി​െൻറ പരിധി കടക്കാതെ രോഗികളുടെ ആഹാരക്രമത്തിൽ ഉചിത മാറ്റം വരുത്തണമെന്ന് ഡയറ്റീഷ്യന് നിർദേശം നൽകി. ആഹാരത്തി​െൻറ അളവ് വർധിപ്പിച്ചും കൂടുതൽ പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തിയും എല്ലാ ആശുപത്രിയിലും പാലിക്കാൻ പറ്റുന്ന പുതിയ ആഹാരക്രമം തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോമിയോപതി മെഡിക്കൽ കോളജിലെ അധ്യാപക ഒഴിവ് നികത്തണം ആലപ്പുഴ: സർക്കാർ ഹോമിയോപതി മെഡിക്കൽ കോളജിലെ അധ്യാപകരുടെ ഒഴിവ് നികത്തണമെന്ന് ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള (ഐ.എച്ച്.കെ). കേരളത്തിലെ രണ്ട് ഗവ. ഹോമിയോപതി മെഡിക്കൽ കോളജുകളിലായി 41 െലക്ചറർമാരുടെ പോസ്റ്റുകളാണ് ഒഴിവുള്ളത്. പി.എസ്.സി മുഖേന ഉടൻ നിയമനം നടത്തുകയും ഇൗ കോളജുകളിലെ പി.ജി സീറ്റ് വർധിപ്പിക്കുകയും വേണം. നടപടിയിെല്ലങ്കിൽ കോളജി​െൻറ പ്രവർത്തനവും വിദ്യാർഥികളുടെ ഭാവിയും അവതാളത്തിലാവുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ ബി. നായർ, ജനറൽ സെക്രട്ടറി ഡോ. അനീഷ് രഘുവരൻ, പി.ആർ.ഒ ഡോ. ടി.എഫ്. റെയ്മണ്ട് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.