ചെങ്ങന്നൂർ: എം.സി റോഡിനും നാഷനൽ ഹൈവേക്കും സമാന്തരമായുള്ള കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ ജങ്ഷനിൽ ഗതാഗതക്കുരുക്ക് ഏറുന്നു. രാവിലെ മുതൽ ഗതാഗത സ്തംഭനം അനുഭവപ്പെടുന്നു. സ്കൂൾ-കോളജ് പ്രവൃത്തിദിനങ്ങളിൽ രൂക്ഷമായ രീതിയിലാണ് ഗതാഗതം തടസ്സപ്പെടുന്നത്. സ്റ്റോർമുക്ക് മുതൽ പന്നായി പാലം വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം എപ്പോഴും ഗതാഗതക്കുരുക്കിലാണ്. മാന്നാറിൽ ഗതാഗത പരിഷ്കാരം ഇതുവരെ നടപ്പാക്കിയിട്ടില്ല. സ്വകാര്യബസുകൾ നിർത്തുന്നത് അവർക്ക് തോന്നുന്നയിടങ്ങളിൽ ആണ്. ഇരു ഭാഗത്തേക്കുമുള്ള ബസുകൾ ഒരേ സ്റ്റോപ്പിൽ എതിർദിശകളിലായി നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നു. ഇതുമൂലം മറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതാണ് ഗതാഗത കുരുക്കിന് ഒരു കാരണം. റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മറ്റൊരു കാരണമാണ്. ബൈപാസ് നിർമിച്ച് മാന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. മാന്നാർ മുല്ലശ്ശേരിൽ കടവിൽ പാലം നിർമിച്ച് മാന്നാർ-തട്ടാരമ്പലം റോഡുമായി ബന്ധിപ്പിച്ച് ബൈപാസ് നിർമിക്കണമെന്നാണ് ആവശ്യം. ബൈപാസ് യാഥാർഥ്യമായാൽ സർവിസ് ബസുകൾ ഒഴിച്ചുള്ള വാഹനങ്ങൾക്ക് മാന്നാർ ടൗണിൽ കയറാതെ കടപ്ര എത്തി തിരുവല്ലക്കും തിരിച്ചും ഇതുവഴി പോകാം. നിലവിൽ മാന്നാർ വഴി തിരുവല്ല ഭാഗത്തേക്കും തിരികെ വരുന്നതിനുമുള്ള ഏക മാർഗം മാന്നാർ ടൗൺ വഴിയുള്ള യാത്രയാണ്. കായംകുളം-തിരുവല്ല റോഡിലൂടെ കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നത് ഈ റൂട്ടിലാണ്. പമ്പാനദിക്ക് കുറുകെ മുല്ലശ്ശേരിൽ കടവിൽ മാന്നാറിനെയും കടപ്രയെയും ബന്ധിപ്പിച്ച് പാലം നിർമിച്ചാൽ ബൈപാസ് യാഥാർഥ്യമാവും. കടപ്രയിൽനിന്നും ആരംഭിക്കുന്ന റോഡ് വിഷവർശ്ശേരിക്കരയിൽ മാന്നാർ-തട്ടാരമ്പലം റോഡുമായി ബന്ധിപ്പിച്ച് തട്ടാരമ്പലം-കടപ്ര ബൈപാസായി ഉപയോഗിക്കാൻ കഴിയും. സംസ്കൃത ദിനാഘോഷം ചെങ്ങന്നൂർ: സംസ്കൃത അക്കാദമിക് കൗൺസിൽ പ്രവർത്തനോദ്ഘാടനവും സംസ്കൃത ദിനാഘോഷവും കല്ലിശ്ശേരി വി.എച്ച്.എസ്.എസിൽ നടന്നു. ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ല ഓഫിസർ കെ. ബിന്ദു അധ്യക്ഷത വഹിച്ചു. കെ.എൻ. ബൈജു, രാജൻ മലനട, അനിൽകുമാർ, പ്രഥമാധ്യാപിക കെ. സരസ്വതി, പി. ജയചന്ദ്രൻ, സൗമ്യ എസ്. നമ്പൂതിരി എന്നിവർ സംസാരിച്ചു. ലൈസൻസ്-പെർമിറ്റ് അദാലത്ത് ചെങ്ങന്നൂർ: വെൺമണി പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ തിങ്കളാഴ്ച രാവിലെ 11 മുതൽ ലൈസൻസ്, പെർമിറ്റ് അദാലത്തുകൾ നടത്തും. 2017-18 വർഷത്തെ ലൈസൻസ് എടുക്കാത്ത പഞ്ചായത്ത് പ്രദേശത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വ്യവസായ യൂനിറ്റുകളും അദാലത്തിൽ പങ്കെടുത്ത് ലൈസൻസ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.