സഭ തർക്കത്തിൽ വഴിത്തിരിവ്​; ഓർത്തഡോക്സ്​ വിഭാഗം പാത്രിയാർക്കീസ്​ ബാവയെ കാണുന്നു

കോലഞ്ചേരി: മലങ്കരയിലെ സഭ തർക്കത്തിൽ വഴിത്തിരിവായി ഓർത്തഡോക്സ് വിഭാഗം പാത്രിയാർക്കീസ് ബാവയെ കാണുന്നു. ശനിയാഴ്ച കോട്ടയത്ത് സമാപിച്ച ഓർത്തഡോക്സ് സഭ സുന്നഹദോസിലാണ് ഓർത്തഡോക്സ്--യാക്കോബായ തർക്കത്തിൽ വഴിത്തിരിവായേക്കാവുന്ന തീരുമാനം. ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ അനുമതി കിട്ടുന്നമുറക്ക് യൂറോപ്പിലോ അമേരിക്കയിലോ കൂടിക്കാഴ്ച നടത്താനാണ് സുന്നഹദോസ് തീരുമാനം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അനുരഞ്ജനവഴി തേടിയാണ് പാത്രിയാർക്കീസ് ബാവയെ കാണുന്നത്. 1972ൽ സഭ പിളർന്ന് യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷവും നിയമനടപടികളും രൂക്ഷമായതിനുശേഷം ആദ്യമായാണ് യാക്കോബായസഭയുടെ പരമാധ്യക്ഷൻകൂടിയായ സുറിയാനിസഭയുടെ മേലധ്യക്ഷനെ ഓർത്തഡോക്സ് വിഭാഗം ഔദ്യോഗികമായി കാണുന്നത്. ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി യാക്കോബായസഭയുടെ നിയമപരമായ നിലനിൽപ് അപകടത്തിലാക്കിയ സാഹചര്യത്തിൽ ഇരുസഭയും ഒന്നായി പാത്രിയാർക്കീസ് ബാവയെ മേലധ്യക്ഷനായി അംഗീകരിക്കണമെന്ന വാദം ഇരുപക്ഷത്തും സജീവമായിട്ടുണ്ട്. നിയമ നടപടികളോടൊപ്പം അനുരഞ്ജന വഴികളും തേടണമെന്ന പൊതുവികാരമാണ് പാത്രിയാർക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യം ഉയരാൻ കാരണമെന്ന് സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപനുമായ ഡോ. തോമസ് മാർ അത്തനാസിയോസ് 'മാധ്യമ'ത്തോട് പറഞ്ഞു. ചൊവ്വാഴ്ച ആരംഭിച്ച സുന്നഹദോസ് വെള്ളിയാഴ്ചവരെയാണ് തീരുമാനിച്ചിരുന്നതെങ്കിലും നിർണായക ചർച്ചകൾ ഉണ്ടായിരുന്നതിനാൽ ഒരുദിവസംകൂടി നീളുകയായിരുെന്നന്നാണ് വിവരം. സഭ തർക്കം രൂക്ഷമായതോടെ പതിറ്റാണ്ടുകൾക്കുമുമ്പ് ഓർത്തഡോക്സ് കാതോലിക്കക്ക് പാത്രിയാർക്കീസ് ബാവ മുടക്ക് കൽപിച്ചിരുന്നു. കൂടിക്കാഴ്ച യാഥാർഥ്യമായാൽ ആ മുടക്കും നീങ്ങുമെന്നാണ് സൂചന. മലങ്കരയിലെ സഭ തർക്കം സമാധാനപരമായി പരിഹരിക്കണമെന്ന നിലപാടാണ് പാത്രിയാർക്കീസ് ബാവ സ്ഥാനമേറ്റതുമുതൽ എടുത്തിട്ടുള്ളത്. കഴിഞ്ഞ അഞ്ചിന് കാണാനെത്തിയ യാക്കോബായ മെത്രാപ്പോലീത്തമാരോടും അദ്ദേഹം ഇതേ നിലപാടാണ് പ്രകടിപ്പിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് യാക്കോബായസഭ പ്രാദേശികനേതൃത്വത്തി​െൻറ അഭിപ്രായം വെളിവായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.