മൂവാറ്റുപുഴ: ശബരി പാതയുടെ സ്ഥലമെടുപ്പ് നടപടി വേഗത്തിലാക്കാന്‍ മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥലമെടുപ്പ് നടപടി വേഗത്തിലാക്കാന്‍ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജോയ്സ് ജോര്‍ജ് എം.പി, എല്‍ദോ എബ്രഹാം എം.എല്‍.എ, ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികളായ മുന്‍ എം.എല്‍.എ ബാബു പോള്‍, പി.എം. ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണിത്. തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, മൂന്ന് റവന്യൂ ഇന്‍സ്പെക്ടര്‍, യു.ഡി ക്ലര്‍ക്ക്, രണ്ട് എല്‍.ഡി ക്ലര്‍ക്ക്, മൂന്ന് സർവേയര്‍ അടക്കം 20- ജീവനക്കാരെയാണ് ഓരോ ഓഫിസിലും നിയമിക്കുന്നത്. മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനിലും പെരുമ്പാവൂരില്‍ നിർത്തലാക്കിയ ലാൻഡ് അക്വിസിഷന്‍ സ്‌പെഷല്‍ ഓഫിസിലുമാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ക്ലര്‍ക്ക്, ഓഫിസ് അസിസ്റ്റൻറ് എന്നിവരെയാണ് നിലവില്‍ നിയമിച്ചത്. ബാക്കി നിയമനങ്ങൾ ഉടന്‍ നടക്കും. കാലടി മുതല്‍ മഞ്ഞള്ളൂര്‍ വരെയുള്ള ഭാഗത്തെ സ്ഥലമെടുപ്പ് നടപടികളാണ് ഈ ഓഫിസിന് കീഴില്‍ നടക്കുന്നത്. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 350 -ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. അങ്കമാലി--ശബരി പാതയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കാലടി സ്റ്റേഷൻ നിര്‍മാണവും പെരിയാറിന് കുറുകെയുള്ള പാലം നിര്‍മവണവും പുരോഗമിക്കുകയാണ്. എറണാകുളം ജില്ലയില്‍ പുതിയ എല്‍.എ.ആര്‍.ആര്‍ ആക്ട് പ്രകാരമുള്ള അർഥന പത്രം ലഭ്യമായ വില്ലേജുകളായ അങ്കമാലി 2.88 ഹെക്ടര്‍, നെടുമ്പാശ്ശേരി 4.78 ഹെക്ടര്‍, മറ്റൂർ 10.23 ഹെക്ടര്‍, വടക്കുംഭാഗം 5.33 ഹെക്ടര്‍, ചേലാമറ്റം 1.17 ഹെക്ടര്‍, അടക്കം 24.39- ഹെക്ടര്‍ സ്ഥലം ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറിക്കഴിഞ്ഞു. എല്‍.എ നഷ്ടപരിഹാരമായി 39,15,11,977-രൂപയും നല്‍കി. ഭൂമി ഏറ്റെടുക്കാനായി കഴിഞ്ഞ വര്‍ഷം 48 -കോടി രൂപയും ഈ വര്‍ഷം 217- കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അങ്കമാലി--ശബരി റെയില്‍പാതയുടെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം നിര്‍ദിഷ്ട പദ്ധതി പ്രധാനമന്ത്രിയുടെ പ്രഗതി സ്‌കീമില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്. പാതയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള ഭാഗം ഈ സാമ്പത്തിക വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം നടക്കുന്നത്. സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കാലടി മുതല്‍ ഇടുക്കി ജില്ല അതിര്‍ത്തിയായ മഞ്ഞള്ളൂര്‍ വരെയുള്ള ഭാഗത്തെ സ്ഥലമെടുപ്പ് നടപടി വേഗത്തിലാക്കാന്‍ കഴിയും. -ശബരി പാത നിര്‍മാണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ വെള്ളിയാഴ്ച നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ശബരി റെയില്‍ പാതക്ക് സ്ഥലം ഏറ്റെടുത്തതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. സ്ഥലം വില്‍ക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ കഴിയാത്തതാണ് പ്രശ്നം. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് പണം ലഭിക്കുന്നതോടെ ഇവരുടെ ദുരിതത്തിന് അറുതിവരുത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.