ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആലുവ നഗരസഭയിലേക്ക് കൂട്ടിച്ചേർക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആലുവ നഗരസഭയിലേക്ക് കൂട്ടിച്ചേർക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. സാധാരണ ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ടും കഷ്ടപ്പാടും ഉണ്ടാക്കുന്ന നടപടിയാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് നിലനിർത്തിക്കൊണ്ടാവണം നഗരപരിധി വികസിപ്പിക്കാൻ സർക്കാർ നടപടി എടുക്കേണ്ടത്. നിലവിൽ 18 വാർഡുകളുള്ള പഞ്ചായത്ത് വളരെയധികം സാമ്പത്തിക പരാധീനതകൾക്കിടയിലും യാതൊരു ആക്ഷേപങ്ങൾക്കും വക കൊടുക്കാതെ നല്ല നിലയിൽ മുന്നോട്ട് പോവുകയാണ്. എന്നാൽ, തൊട്ടടുത്ത ആലുവ നഗരസഭയാകട്ടെ അധികാര ദുർവിനിയോഗവും കെടുകാര്യസ്ഥതയും തമ്മിൽതല്ലും സാമ്പത്തിക ഭദ്രത പാലിക്കാതെയുള്ള ഭരണ നിർവഹണവും കാരണം അധഃപതനത്തിലാണെന്ന് ചൂർണിക്കരക്കാർ ആരോപിക്കുന്നു. നഗരസഭ ജീവനക്കാർക്ക് കൃത്യമായി ശമ്പളം പോലും കൊടുക്കാൻ സാധിക്കുന്നില്ല. മാലിന്യനിർമാർജനവും, മറ്റ് വികസന പദ്ധതികളും കുറെ നാളുകളായി മുടങ്ങിക്കിടക്കുകയാണ്. നഗരത്തിൽ ഭൂരിഭാഗം പ്രദേശത്തും തെരുവ് വിളക്കുകൾ ഇല്ല. എന്നാൽ, ചൂർണിക്കര പഞ്ചായത്ത് വികസനപാതയിലാണുള്ളതെന്ന് നാട്ടുകാർ അവകാശപ്പെടുന്നു. നിലവിൽ മെേട്രാ യാർഡ് പ്രവർത്തിക്കുന്ന പഞ്ചായത്തിൽ ഭാവിയിൽ മെേട്രാ വില്ലേജും വരുവാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ നിരവധി വികസന സാധ്യതകൾ പഞ്ചായത്തിലുണ്ട്. നഗരസഭയിൽ ചൂർണിക്കര പഞ്ചായത്ത് ഉൾപ്പെടുത്താൻ സർക്കാർ ഭാഗത്തുനിന്നും നീക്കങ്ങൾ ഉണ്ടാകുന്ന പക്ഷം ചൂർണിക്കര പഞ്ചായത്തിലെ രാഷ്്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരെ അണിനിരത്തി സമരപരിപാടികൾക്ക് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള ആലുവ താലൂക്ക് കമ്മിറ്റി നേതൃത്വം നൽകുമെന്ന് താലൂക്ക് പ്രസിഡൻറ് മനോജ് പട്ടാട് അറിയിച്ചു. ഇതു സംബന്ധിച്ച പരാതി തദ്ദേശ സ്വയംഭരണ മന്ത്രിക്ക് അയക്കാനും കമ്മിറ്റി തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.