ആലുവ: നഗരസഭ കാര്യാലയ മന്ദിരത്തിന് മുന്‍ ചെയര്‍മാെൻറ പേരിട്ടതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. പരിസ്‌ഥിതി, സാമൂഹിക പ്രവര്‍ത്തകനായ എന്‍.രാമചന്ദ്രനാണ് പരാതിക്കാരന്‍. 1921 ല്‍ രൂപീകൃതമായ നഗരസഭയുടെ കാര്യാലയ മന്ദിരത്തിന് മുന്‍ ചെയര്‍മാന്‍ യു.ജെ. തര്യെൻറ പേരാണ് കഴിഞ്ഞ ഭരണസമിതി നല്‍കിയിരിക്കുന്നത്. ഇത് തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമായി ചെയ്‌തതാണ്. തെറ്റായ കീഴ്‌വഴക്കത്തിനാണ് ഇതിലൂടെ നഗരസഭ തുടക്കം കുറിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. നഗരസഭ കാര്യാലയത്തിന് നാമകരണം നൽകുന്നതിനോ ഏതെങ്കിലും വ്യക്തിയുടെ പേരിടുന്നതിനോ കേരള മുനിസിപ്പാലിറ്റീസ് ആക്‌ട് നഗരസഭ ഭരണ സമിതികള്‍ക്ക് അധികാരം നൽകുന്നില്ല. യു.ജെ. തര്യെൻറ പേര് നഗരസഭ കാര്യാലയ മന്ദിരത്തിന് നൽകിയതിനുള്ള മാനദണ്ഡം എന്തെന്ന് വ്യക്തമല്ല. മാറിമാറി വരുന്ന ഭരണ സമിതികള്‍ തങ്ങളുടെ രാഷ്‌ട്രീയ കക്ഷികളില്‍പെട്ടവരുടെയും നേതാക്കളുടെയും സ്വജനങ്ങളുടെയും നാമധേയം നല്‍കാന്‍ തുടങ്ങുന്നത് അനഭിലഷണീയമായ കീഴ്‌വഴക്കമായിരിക്കും. റോഡുകൾക്കും ഓഡിറ്റോറിയം പോലുള്ള പൊതുമന്ദിരങ്ങൾക്കും ആദരസൂചകമായി പ്രശസ്‌തരുടെയും മറ്റും പേര് നല്‍കാറുണ്ടെങ്കിലും സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്ക് വ്യക്തികളുടെ നാമധേയം നല്‍കുന്ന കീഴ്‌വഴക്കമില്ല. ആലുവ നഗരസഭയുടെ തെറ്റായ നടപടി തടഞ്ഞില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ കാര്യാലയങ്ങള്‍ക്ക് പേരിടല്‍ നടത്തുന്ന മത്സരങ്ങള്‍ക്കായിരിക്കും വരും നാളുകളില്‍ കേരളം സാക്ഷ്യം വഹിക്കുകയെന്നും പരാതിയില്‍ പറയുന്നു. മന്ത്രി കെ.ടി. ജലീല്‍, ഭരണ പരിഷ്‌കാര കമീഷന്‍ അംഗം വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.