ആലപ്പുഴ: കയർ തൊഴിലാളികൾക്ക് കുടിശ്ശിക തീർത്ത് പെൻഷൻ വിതരണത്തിനൊരുങ്ങി. ഒരുതൊഴിലാളിക്ക് ഏറ്റവും കുറഞ്ഞത് 4400 രൂപ, കയർ സഹകരണസംഘങ്ങൾക്ക് പ്രതിമാസം 5000 രൂപ മാനേജീരിയൽ സബ്സിഡി, നിബന്ധനകൾക്ക് വിധേയമായി പ്രവർത്തനമൂലധനം, പ്രൊഡക്ഷൻ ആൻഡ് മാനേജ്മെൻറ് ഇൻസൻറിവ്, മാർക്കറ്റ് ഡെവലപ്മെൻറ് അസിസ്റ്റൻറ്സ്, വരുമാന ഉറപ്പ് പദ്ധതിയിൽ കിട്ടാനുള്ള കുടിശ്ശിക ഇങ്ങനെ ഒാണത്തിന് 97.5 കോടി വിതരണത്തിന് ലഭിക്കും. ഞായറാഴ്ച ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന വിതരണ പരിപാടിയിൽ മന്ത്രിമാരായ ജി. സുധാകരൻ, തോമസ് ചാണ്ടി, പി. തിലോത്തമൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി തുടങ്ങിയവർ പങ്കാളികളാകും. ക്ഷേമനിധിയിൽ അംഗമായി നിശ്ചിത പ്രായത്തിൽ വിരമിക്കുന്നവർക്ക് അംശാദായ തുകയുടെ കുടിശ്ശികയും തീർക്കാൻ 10 കോടി അനുവദിച്ചിട്ടുണ്ട്. 1997 മുതൽ 2006 വരെയും 2011നുശേഷമുള്ള കാലത്തെയും കുടിശ്ശികയാണ് തീർക്കുന്നത്. ഇരുപതിനായിരത്തോളം തൊഴിലാളികൾക്ക് ഒന്നാംഘട്ടമായി വിരമിക്കൽ ആനുകൂല്യം ലഭിക്കും. ഈ കുടിശ്ശികയും പെൻഷനും കൂടിച്ചേരുമ്പോൾ ഈ വിഭാഗത്തിൽപെട്ടവർക്ക് കുറഞ്ഞത് 10,000 രൂപ ഓണക്കാലത്ത് കൈയിലെത്തും. കയർ സഹകരണസംഘങ്ങളുടെ സമഗ്ര പുനഃസംഘടന പരിപാടിക്കും തുടക്കംകുറിക്കും. ഇത്തരത്തിൽ പ്രതിമാസം 5000 രൂപ വീതം മാനേജീരിയൽ സബ്സിഡി സംഘങ്ങൾക്ക് ലഭിക്കും. ഇതിന് മൂന്നുകോടിയും കൈമാറി. നിഷ്ക്രിയതുക പ്രവർത്തനമൂലധനമായി മാറ്റാനും അനുമതി നൽകി. ആറുകോടിയോളം രൂപയാണ് ഇത്തരത്തിൽ സംഘങ്ങൾക്ക് ലഭിക്കുക. കയർപിരി സംഘങ്ങൾക്ക് പരമാവധി അഞ്ചുലക്ഷം വരെയും മാറ്റ്സ് ആൻഡ് മാറ്റിങ്സ് സംഘങ്ങൾക്ക് പരമാവധി ഏഴുലക്ഷം വരെയും ചെറുകിട ഉൽപാദക സഹകരണ സംഘങ്ങൾക്ക് രണ്ടുലക്ഷം വരെയും പ്രവർത്തനമൂലധനമായി ലഭിക്കും. 12 കോടിയാണ് ഇപ്പോൾ സർക്കാർ ചെലവഴിക്കുന്നത്. ഫലത്തിൽ 18 കോടിയോളം പ്രവർത്തനമൂലധനമായി മാത്രം സംഘങ്ങൾക്ക് ഈ ഓണക്കാലത്ത് ലഭിക്കും. പ്രൊഡക്ഷൻ ആൻഡ് മാനേജ്മെൻറ് ഇൻസൻറിവ് ഇനത്തിൽ നാലുകോടി രൂപയും മാർക്കറ്റ് ഡെവലപ്മെൻറ് അസിസ്റ്റൻറ്സ് ആയി ഒമ്പതുകോടിയും ഓണക്കാലത്ത് നൽകും. കയർ തൊഴിലാളികൾക്ക് വരുമാന ഉറപ്പ് പദ്ധതിയിൽ നൽകാനുള്ള കുടിശ്ശിക തീർത്തുനൽകാനും പണം കൈമാറിയിട്ടുണ്ട്. 12.5 കോടിയാണ് ഇതിന് കൊടുത്തിട്ടുള്ളത്. വിവിധ കയർ സഹകരണസംഘം ഭാരവാഹികളുടെയും ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും സമ്മേളനത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.