പൂച്ചാക്കൽ: കാത്തിരിപ്പുകള്‍ക്കൊടുവിൽ തൈക്കാട്ടുശ്ശേരിയുടെ വിനോദസഞ്ചാര സാധ്യതകള്‍ യാഥാര്‍ഥ്യമാക്കാൻ വിനോദസഞ്ചാര വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. തൈക്കാട്ടുശ്ശേരി പാലത്തിന് കിഴക്ക്, പടിഞ്ഞാറ് കരകളെ വേമ്പനാട്ടുകായലുമായി ബന്ധിപ്പിച്ചാണ് പദ്ധതി. തുറവൂര്‍, -തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്നതാണ് പ്രദേശങ്ങള്‍. ആദ്യഘട്ടത്തിൽ കിഴക്കേക്കരയിലാണ് പദ്ധതി ആരംഭിക്കുന്നത്. കോഫി ഷോപ്, മിനി പാര്‍ക്ക്, നടപ്പാത എന്നിവ ഒരുക്കും. ഇവിടെ എത്തുന്നവര്‍ക്ക് കായല്‍ക്കാറ്റേറ്റ്, കാഴ്ചകള്‍ കണ്ട് മടങ്ങാന്‍ അവസരമുണ്ടാകും. വിവിധ സ്ഥലങ്ങളില്‍നിന്ന് പാലംവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമൊരുക്കുന്നത് തുടങ്ങിയിരുന്നു. അപ്രോച് റോഡുകള്‍ക്ക് ഇരുവശവും മരങ്ങള്‍ െവച്ചുപിടിപ്പിച്ചു. കായലില്‍ പലയിടത്തായി അനവധി ചെറു ദ്വീപുകളുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇവിടങ്ങളിലേക്ക് ബോട്ടുകളിലും വള്ളങ്ങളിലും സഞ്ചാരികളെ കൊണ്ടുപോകാന്‍ കഴിയുമെന്ന് കരുതുന്നു. പടിഞ്ഞാറേ കരയില്‍ പദ്ധതിക്ക് രൂപരേഖ തയാറാക്കുകയാണ്. ചേർത്തലയിൽ 100 കിലോ പ്ലാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്തു ചേര്‍ത്തല: പ്ലാസ്റ്റിക് നിരോധിച്ച ചേർത്തല തെക്ക് പഞ്ചായത്തിൽ 100 കിലോ പ്ലാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്തു. പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികാരികള്‍ സംയുക്തമായി കച്ചവടസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പിഴയിനത്തില്‍ 12,500 രൂപ ഈടാക്കി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് റൂള്‍സ് പ്രകാരം ജനുവരി ഒന്നിനാണ് ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് നിരോധിച്ചത്. ഭൂരിപക്ഷം വ്യാപാരികളും പൊതുജനങ്ങളും ഇതുമായി സഹകരിച്ചെങ്കിലും ചിലര്‍ നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് കാരിബാഗ് വില്‍ക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ശക്തമായ നടപടി ആരംഭിച്ചതെന്ന് അധികാരികള്‍ പറഞ്ഞു. റെയ്ഡില്‍ പഞ്ചായത്ത് പ്രസിഡൻറ് വി.എ. സേതുലക്ഷ്മി, ബാബു ആൻറണി, റോസ് മേരി, അംബിക, ബി. സലിം, സുധീഷ്, കമലാധരന്‍, ഹെര്‍ബിന്‍, ആരോഗ്യവകുപ്പിലെ വി.എ. ഷേബു, രാജിത്ത്, ജോര്‍ജ്, പഞ്ചായത്ത് ജീവനക്കാരായ അനില്‍, ജോസഫ്, തോമസ് എന്നിവര്‍ പങ്കെടുത്തു. ഗോതമ്പ് കയറ്റിയ ലോറി മറിഞ്ഞു അരൂർ: അരൂർ ബൈപാസ് കവലയിൽ ഗോതമ്പുമായി വന്ന ലോറി മറിഞ്ഞ് ധാന്യം റോഡിൽ ചിതറി. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം. ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത മഴയിൽ ലോറി തെന്നിമറിയുകയായിരുന്നു. അപകടത്തെതുടർന്ന് ഏറെനേരം ഗതാഗത തടസ്സമുണ്ടായി. അരൂർ പൊലീസ് സ്ഥലത്തെത്തിയാണ് കുരുക്ക് മാറ്റിയത്. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി. ഉച്ചക്ക് മുമ്പുതന്നെ ഗോതമ്പ് ചാക്കുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റി. പത്തിലധികം ചാക്കിലെ ഗോതമ്പ് റോഡിൽ ചിതറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.