കൊച്ചി: ട്രാവൻകൂർ ടൈറ്റാനിയം അടച്ചു പൂട്ടണമെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിൻമേലുള്ള സ്റ്റേ ഹൈകോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ സ്ഥാപനം സന്ദർശിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു. ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകളായ ടൈറ്റാനിയം ജനറൽ ലേബർ യൂനിയൻ (സി.ഐ.ടി.യു), ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂനിയൻ (ഐ.എൻ.ടി.യു.സി), ടൈറ്റാനിയം എംപ്ലോയീസ് കോ-ഒാഡിനേഷൻ കൗൺസിൽ, ടൈറ്റാനിയം ഓഫിസേഴ്സ് അസോസിയേഷൻ എന്നിവർ നൽകിയ ഹരജിയിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. മാലിന്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മേയ് 18ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പരിസ്ഥിതി സംരക്ഷണ ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് ഉത്തരവ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിെൻറ ബംഗളൂരു റീജനൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ ഏപ്രിൽ 28ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടൽ ഉത്തരവു നൽകിയത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിച്ച വ്യവസ്ഥകൾ എല്ലാം പാലിച്ചാണ് 70 വർഷത്തിലേറെയായി നിലവിലുള്ള കമ്പനി പ്രവർത്തിക്കുന്നതെന്നാണ് ഹരജിയിലെ വാദം. കേന്ദ്ര ബോർഡ് ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ നിലവിലുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിേനാട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.