കുടിവെള്ള വിതരണത്തിന് ടാങ്കറുകള്‍ പിടിച്ചെടുക്കുന്നു

കാക്കനാട്: വേനലില്‍ കുടിവെള്ളവിതരണത്തിന് ജില്ല ഭരണകൂടം ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കുന്നു. ആലുവ, കണയന്നൂര്‍ താലൂക്കുകളിലെ ജല അതോറിറ്റിയുടെ കുടിവെള്ള സ്രോതസ്സുകളില്‍നിന്ന് വെള്ളം ശേഖരിച്ച് വിതരണം നടത്താനാണ് ടാങ്കറുകള്‍ പിടിച്ചെടുക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിനാണ് കലക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ല ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. 19 ടാങ്കറുകള്‍ അടിയന്തരമായി പിടികൂടാനാണ് തീരുമാനം. ചൊവ്വാഴ്ച പകല്‍ പരിശോധനക്കിറങ്ങിയ വാഹനവകുപ്പ് ഒമ്പത് ടാങ്കറുകള്‍ക്ക് കലക്ടറുടെ നോട്ടീസ് നല്‍കി. ജില്ലയില്‍ രൂക്ഷ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ സംഭരണികള്‍ സ്ഥാപിച്ച് ടാങ്കറുകളില്‍ കുടിവെള്ളം എത്തിച്ച് വിതരണം നടത്താന്‍ കഴിഞ്ഞ ജനുവരിയിലാണ് തീരുമാനിച്ചത്. എന്നാല്‍, ടാങ്കര്‍ ഉടമകളുടെ നിസ്സഹരണത്തെത്തുടര്‍ന്ന് തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞില്ല. അടിയന്തരമായി 100 ജലസംഭരണികള്‍ സ്ഥാപിച്ച് കുടിവെള്ളം നല്‍കാനായിരുന്നു തീരുമാനം. സര്‍ക്കാറിെൻറ കുടിവെള്ളവിതരണം നഷ്ടക്കച്ചവടമായതിനാല്‍ ടാങ്കര്‍ ഉടമകളില്‍ ഭൂരിപക്ഷവും താൽപര്യം കാണിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് മിനിമം 25 കി.മീ. ദൂരവും ടാങ്കറിെൻറ സംഭരണശേഷിയും കണക്കിലെടുത്ത് ജില്ല ഭരണകൂടം വിലയും നിശ്ചയിച്ചിരുന്നു. ടാങ്കര്‍ ഉടമകളില്‍ ചിലര്‍ ജില്ല ഭരണകൂടം നിശ്ചയിച്ച നിരക്കില്‍ കുടിവെള്ള വിതരണത്തിന് തയാറായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ടാങ്കറുകളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ സന്നദ്ധത പ്രകടിപ്പിച്ച ടാങ്കര്‍ ഉടമകളും കുടിവെള്ള വിതരണത്തില്‍നിന്ന് പിന്മാറിയതായാണ് സൂചന. ജല അതോറിറ്റിയുടെ സ്രോതസ്സുകളില്‍നിന്നല്ലാതെ മറ്റുസ്ഥലങ്ങളില്‍നിന്ന് വെള്ളം ശേരിച്ച് വില്‍പന നടത്തിയാല്‍ പിടിയിലാകുമെന്ന് ഭയപ്പെടുന്നതാണ് പിന്മാറാന്‍ ഉടമകളെ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. വിവിധ താലൂക്കുകളില്‍ സ്ഥാപിക്കാന്‍ എത്തിച്ച 5000 ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണികള്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കെട്ടിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.