കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ വയറുവേദനയുമായെത്തി രോഗം മൂർഛിച്ച് വിദ്യാർത്ഥി മരിച്ചത് അപ്പൻറിസൈറ്റിസ് പഴുത്തുണ്ടായ അണുബാധയെത്തുടർന്നുള്ള ആഘാതമാണെന്ന് (സെപ്റ്റിക് ഷോക്ക്) പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളജ് സർജൻ പ്രഫ. ഡോ. സക്കറിയ തോമസ് ആർ.ഡി.ഒക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ആന്തരികാവയവങ്ങളുടെ പരിശോധനഫലം കൂടി ലഭിച്ചാലെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകൂവെന്നും ഇതിൽ പറയുന്നു. കഴിഞ്ഞമാസം 26നാണ് ഓഡിയോ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർഥി എടത്തല തേവക്കൽ കൈലാസ് കോളനിയിൽ മുക്കോവംമുറി വീട്ടിൽ ജറിൻ മൈക്കിൾ (25) എറണാകുളം ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്. അപ്പൻറിസൈറ്റിസ് പഴുക്കുന്നത് പലരിലും കാണുന്ന രോഗമാണ്. കടുത്ത വയറുവേദനയും ഛർദിയുമാണ് ഇതിെൻറ ലക്ഷണങ്ങൾ. വേദന കടുത്താൽ ഉടൻ ശസ്ത്രക്രിയ ചെയ്ത് നീക്കുകയാണ് പതിവ്. ഇല്ലെങ്കിൽ സെപ്റ്റിക് ഷോക്കിന് സാധ്യത കൂടുതലാണെന്നും രോഗം സങ്കീർണമാകുമെന്നും വിദഗ്ധർ പറയുന്നു. വിദ്യാർഥിക്ക് കൃത്യസമയത്ത് ശസ്ത്രകിയ നടത്തിയിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുെന്നന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. മരണത്തിൽ ഏറെ പ്രതിഷേധങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. മരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. സംഭവദിവസം രാവിലെ 7.10ഓടെയാണ് ജറിൻ മൈക്കിൾ വയറുവേദനയുമായി അത്യാഹിത വിഭാഗത്തിലെത്തിയത്. 12.15 ഓടെ വാർഡിൽ അഡ്മിറ്റ് ചെയ്തു. രാത്രി ആയതോടെ മൂന്നു തവണ അപസ്മാരം ഉണ്ടാവുകയും 9.30ഓടെ രോഗം മൂർഛിക്കുകയും ചെയ്തു. നഴ്സുമാരും ഡോക്ടറും ഓടിയെത്തിേയപ്പോൾ ബെഡ്ഷീറ്റിൽ മലമൂത്ര വിസർജനം നടത്തിയനിലയിൽ കണ്ട രോഗിയെ ഐ.സി.യുവിലേക്ക് മാറ്റി. രാത്രി11.30ഓടെ മരിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡി.എം.ഒയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ പ്രതിഷേധം അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴച ജറിൻ മൈക്കിളിെൻറ കുടുംബവുമായി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകാൻ തീരുമാനിച്ചതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.