സൂ​ര്യാ​ത​പ​മേ​റ്റ് നാല് മാസത്തിനിടെ 34 പ​ശു​ക്ക​ള്‍ ച​ത്തു: പാ​ലു​ല്‍പാ​ദ​ന​ത്തി​ല്‍ വൻ ഇ​ടി​വ്

കാക്കനാട്: വേനല്‍ ചൂട് കനത്തതോടെ ജില്ലയില്‍ പാലുല്‍പാദനത്തില്‍ വന്‍ ഇടിവ്. നാല് മാസത്തിനുള്ളില്‍ 34 പശുക്കളാണ് അസഹനീയ ചൂട് സഹിക്കാനാവാതെ ചത്തൊടുങ്ങിയത്. സൂര്യാതപമേറ്റാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതുവരെയാണ് പശുക്കള്‍ ചത്തത്. മുന്‍ വര്‍ഷങ്ങളില്‍ പശുക്കള്‍ ചത്തതിന് ധനസഹായം നല്‍കാനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പാൽ സൊസൈറ്റികളില്‍ പ്രതിദിന സംഭരണത്തില്‍ ഏകദേശം 4000 ലിറ്റര്‍ കുറവുണ്ടായി. 313 സൊസൈറ്റികളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ പാലുല്‍പാദനത്തില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടാകാറുണ്ട്. എന്നാൽ, ഇത്തവണ കാര്യങ്ങള്‍ തകിടം മറിഞ്ഞു. കഴിഞ്ഞ വര്‍ഷം സൊസൈറ്റികളില്‍ പ്രതിദിനം 1,14,000 ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നിടത്ത് ഇത്തവണ 1,10,000 ലിറ്ററായി കുറഞ്ഞു. ചൂടില്‍ തീറ്റപ്പുൽ ലഭ്യത ഇല്ലാതായതാണ് പാലുല്‍പാദനം കുറയാന്‍ കാരണമായി ക്ഷീര വികസന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ബഹുഭൂരിപക്ഷം കര്‍ഷകര്‍ വളര്‍ത്തുന്ന സങ്കരയിനം പശുക്കളെ ദിവസവും മൂന്നും നാലും പ്രാവശ്യം കുളിപ്പിച്ച് പാലുല്‍പാദനം കൂട്ടാന്‍ കര്‍ഷകര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ശരാശരി പത്ത് മുതല്‍ 15 ലിറ്റര്‍ വരെ ലഭിച്ചിരുന്നിടത്ത്് എട്ട്--പത്ത് ലിറ്ററായി പാലുല്‍പാദനം കുറഞ്ഞു. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന സങ്കരയിനം പശുക്കളെ പരിപാലിക്കാനുള്ള ചെലവും കൂടി. കേള ഫീഡ്‌സിെൻറ വില കൂടിയതും ആവശ്യത്തിനുസരിച്ച് ലഭ്യമല്ലാത്തതും കര്‍ഷര്‍ക്ക് തിരിച്ചടിയായി. സൂര്യതാപമേറ്റ് പശുക്കള്‍ ചത്തുപോകുന്നത് കൂടിയായതോടെ കര്‍ഷകരെ കുത്തുപാളയെടുക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷളിലേത് ഉള്‍പ്പെടെ 164 പശുക്കളാണ് ചത്തത്. ധനസഹായം ആവശ്യപ്പെട്ട് കര്‍ഷര്‍ നല്‍കിയ അപേക്ഷകളെല്ലാം കെട്ടിക്കിടക്കുകയാണ്. 10,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായം നിശ്ചയിച്ചിരിക്കുന്നത്. പാലുല്‍പ്പാദനത്തിെൻറ ആനുപാതത്തിനുസരിച്ചാണ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡികള്‍ അനുവദിക്കുന്നത്. പശുവര്‍ത്താന്‍ വായ്പയെടുത്ത് പ്രതികൂല കാലാവസ്ഥയില്‍ നട്ടം തിരിയുന്ന കര്‍ഷകരുടെ വായ്പ എഴിതിത്തള്ളാന്‍ ഫണ്ട് അനുവദിച്ചെങ്കിലും തികഞ്ഞില്ല. റവന്യൂ റിവക്കറി നോട്ടീസ് ലഭിച്ച കര്‍ഷകുടെ വായ്പയാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. എന്നാല്‍, 38 ലക്ഷം രൂപയുടെ കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ അനുവദിച്ചത് വെറും 20 ലക്ഷം രൂപ മാത്രമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.