കോലഞ്ചേരി: വടയമ്പാടി ഭജനമഠത്തെ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ ദലിതർക്കും അവകാശം ആവശ്യപ്പെട്ട് കോളനിവാസികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. കോളനിയിലെ ഏറ്റവും പ്രായംചെന്ന വയോധികയായ കുഞ്ഞാളി കൊച്ചുകണ്ണനാണ് തിങ്കളാഴ്ച നിരാഹാരമിരുന്നത്. കോളനിയിലെ ആത്മീയ കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മാക്കോത പാപ്പു സമരം ഉദ്ഘാടനം ചെയ്തു. കോളനിയിലെ ഏറ്റവും പ്രായംചെന്ന വയോധികൻ കുറുമ്പൻ കുറുമ്പനും കുഞ്ഞാളിക്കൊപ്പം നിരാഹാരമിരുന്നു. ദലിത് ഭൂ അവകാശ സമര മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ കോളനിയിലെ മുഴുവൻ ജനങ്ങളും വിവിധ സംഘടന നേതാക്കളും പങ്കെടുക്കുന്നുണ്ട്. സമരസമിതി നേതാക്കളായ എൻ.പി. അയ്യപ്പൻകുട്ടി, ഐ. ശശിധരൻ, അഡ്വ. പി.ജെ. മാനുവൽ, അഡ്വ. തുഷാർ നിർമൽ സാരഥി, ബിന്ദു സുനിൽ, പി.കെ. വിജയൻ, വി.സി. ജെന്നി, ശ്യാമപ്രസാദ്, ജോയി പാവേൽ, സന്ധ്യ രവി എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സമര സമിതിയുടെ പ്രഖ്യാപനം. എൻ.എസ്.എസ് കൈയേറിയ റവന്യൂ ഭൂമി പൊതുസ്ഥലമാക്കുക, ഇക്കാര്യത്തിൽ ഗ്രാമസഭയെടുത്ത തീരുമാനം പൂർണമായും നടപ്പാക്കുക, മൂവാറ്റുപുഴ ആർ.ഡി.ഒ രാമചന്ദ്രെൻറ എൻ.എസ്.എസ് അനുകൂല സമീപനം അവസാനിപ്പിക്കുക, സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. അതേസമയം, വടയമ്പാടി ഭജനമഠത്ത് ദലിതർക്ക് പ്രവേശനം നിഷേധിച്ച് ജാതിമതിൽ നിർമിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എൻ.എസ്.എസ്. പ്രചാരണത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എൻ.എസ്.എസ് കരയോഗത്തിന് കീഴിലുള്ള ക്ഷേത്രത്തിലെ ശുദ്ധി നിലനിർത്താനും രാത്രികാലങ്ങളിലെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുമാണ് ചുറ്റുമതിൽ നിർമിച്ചത്. ഇതിനെ തെറ്റായി ചിത്രീകരിക്കുകയായിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച് നിയമവിധേയമായി നിർമിച്ച മതിൽ തകർത്തവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് വൈമനസ്യം കാണിക്കുകയാണ്. പൂർണമായും എൻ.എസ്.എസിന് അവകാശപ്പെട്ട ഭൂമിയാണിത്. ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കിയാണ് ഹൈകോടതിയിൽനിന്ന് മതിൽ കെട്ടാനുള്ള അനുമതി വാങ്ങിയത്. മതിൽ തകർത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. എം.എസ്. അനിൽകുമാർ, ബി. രമേശ്, സി. ശ്രീനി, കെ.എൻ. ശിവൻകുട്ടൻ, ശശി നടുവത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.