വി​ഷ​പ്പു​ക​യും മ​ലി​നീ​ക​ര​ണ​വും: റ​ബ​ര്‍ ക​മ്പ​നി​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി

കാക്കനാട്: കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ മലിനീകരണത്തിനെതിരെ മനുഷ്യാവകാശ കമീഷന് പരാതി. നങ്ങേലിപ്പടിയിലെ സ്വകാര്യ കമ്പനിക്കെതിരെയാണ് സമീപവാസികളുടെ പരാതി. കമ്പനി പുറന്തള്ളുന്ന കരിയും പുകയും രാസമാലിന്യങ്ങളും ശബ്ദമലിനീകരണവും കാരണം പരിസരവാസികള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി. ആൻറി പൊലൂഷന്‍ മൂവ്‌മെൻറ് ചെയര്‍മാന്‍ ഇ.എസ്. അബ്ദുൽ ഖാദറാണ് മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസിന് പരാതി നല്‍കിയത്. സെൻറ് ജോസഫ് കോണ്‍വെൻറ്, നഴ്‌സിങ് കോളജ്, മൂന്ന് സ്വാശ്രയ കോളജുകള്‍, എസ്.സി കോളനികള്‍ ഉള്‍പ്പെടെ ആയിരത്തോളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. കമ്പനിയില്‍നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അളവ് കൂടിയത് അര്‍ബുദരോഗത്തിന് കാരണമാകുന്നതായി പരാതിയില്‍ ചൂട്ടിക്കാട്ടി. പരാതി ഫയലില്‍ സ്വീകരിച്ച കമീഷന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമ പഞ്ചയത്ത് സെക്രട്ടറി എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്് പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജല, വായു മലിനീകരണ നിയന്ത്രണ നിയമപ്രകാരം നിബന്ധനകള്‍ പാലിക്കാതെയാണ് കമ്പനിയുടെ പ്രവര്‍ത്തനം. പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് ടയര്‍ കമ്പനിയുടെ പുകക്കുഴല്‍ 1999ല്‍ 30 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ച് ഫര്‍ണസ് ഓയില്‍ പ്ലാൻറ് സ്ഥാപിച്ചു. പുകക്കുഴല്‍ ഉയരത്തില്‍ സ്ഥാപിച്ചത് വഴി കമ്പനിയില്‍നിന്നുള്ള പുക ശല്യം ഒഴിവാകുമെന്നായിരുന്നു മാനേജ്‌മെൻറ് നിലപാട്. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പുകയും കരിയും വ്യാപിക്കാൻ ഈ നടപടി ഇടയാക്കിെയന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മുമ്പ് ഉപയോഗിച്ചിരുന്ന വിറക് പ്ലാൻറിനേക്കാള്‍ ഭവിഷ്യത്തുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ പ്ലാൻറ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തുന്ന പരിശോധനയില്‍ പഞ്ചായത്ത് പ്രതിനിധികള്‍ക്കൊപ്പം ആൻറി പെലൂഷന്‍സ് മാസ് മൂവ്‌മെൻറ് നിര്‍ദേശിക്കുന്ന വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്തണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.