കളമശ്ശേരി: പെരിയാറ്റിലേക്ക് മാലിന്യം ഒഴുക്കിയ എടയാറിലെ പ്രമുഖ കമ്പനി മാനേജ്മെൻറിനെ ക്രിമിനൽ നടപടിയിൽനിന്ന് രക്ഷിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തി. പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിലേക്കായിരുന്നു മാർച്ച്. ഫാക്ട് കവലയിൽനിന്ന് ആരംഭിച്ച മാർച്ച് പി.സി.ബി ഓഫിസിനുമുന്നിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെൽെഫയർ പാർട്ടി ജില്ല സെക്രട്ടറി പി.ഇ. ഷംസുദ്ദീൻ, മണ്ഡലം പ്രസിഡൻറ് കെ.എച്ച്. സദഖത്ത്, മലിനീകരണ വിരുദ്ധസമിതി കോ-ഓഡിനേറ്റർ പുരുഷൻ ഏലൂർ, ബി.ജെ.പി നേതാക്കളായ എസ്. ഷാജി, വസന്തൻ ഏലൂർ, ഗോപിനാഥൻ എന്നിവർ സംസാരിച്ചു. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടർ തുറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർ സമരസമിതി നേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. മാർച്ചിനെത്തുടർന്ന് നേതാക്കൾ പി.സി.ബി എൻവയൺമെൻറ് എൻജിനീയറുമായി സംസാരിച്ചു. പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്ന കമ്പനിയെ കണ്ടെത്തിയിട്ടും എന്തുകൊണ്ട് നടപടിയില്ലെന്ന് ചോദിച്ച നേതാക്കളോട് സംഭവം ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കാനായിട്ടിെല്ലന്ന മറുപടിയാണ് ലഭിച്ചത്. കമ്പനിക്കെതിരെ നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം റീജനൽ ഓഫിസിലേക്കും തിരുവനന്തപുരത്തെ പ്രധാന ഓഫിസിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. സമിതി പ്രവർത്തകരായ ആദംകുട്ടി, ജോഷി, ഷബീർ, ഇഖ്ബാൽ പാതാളം, എം.എം. സക്കീർ ഹുസൈൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.