കെ.എസ്.യു കൊണ്ടുവന്ന കോലവുമായി പൊലീസ് ഓടി; മാർച്ചിനിടെ സംഘർഷം

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളായ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ കോലവുമായി അദ്ദേഹത്തിെൻറ ഓഫിസിലേക്ക് കെ.എസ്.യു ജില്ല കമ്മിറ്റി മാര്‍ച്ച് നടത്തി. മാർച്ച് തടഞ്ഞ പൊലീസ് പ്രവര്‍ത്തകരിൽ നിന്ന് കോലം പിടിച്ചുവാങ്ങി ഓടിയത് സംഘർഷത്തിനിടയാക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻസ് (ഡി.ജി.പി) എന്നെഴുതിയ കോലം കത്തിക്കാൻ തുടങ്ങിയപ്പോഴാണ് പൊലീസുകാർ പിടിച്ചുവാങ്ങിയത്. തുടർന്ന് കോലത്തിനായി പ്രവർത്തകരും പൊലീസും തമ്മിൽ പിടിവലിയായി. കോലം തരാതെ പിരിഞ്ഞുപോകില്ലെന്ന് പ്രവർത്തകർ നിലപാടെടുത്തതോടെ പൊലീസുകാർ വാഹനത്തിൽ കയറി ഒളിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു. ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്റയുടെ കോലമാണെന്ന് തെറ്റിധരിച്ചാണ് ഓടിയതെന്നും അബദ്ധം പറ്റിയതാണെന്നും പൊലീസുകാർ പറഞ്ഞു. ഇതോടെ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യര്‍, ഡി.സി.സി സെക്രട്ടറി ബാബു പുത്തനങ്ങാടി, മുന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ മാത്യു, ജില്ല ജനറൽ സെക്രട്ടറി കെ.എം. മന്‍സൂര്‍, സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്‌ലം, കെ.എം. അനസ്, അര്‍ജിത്, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.