മുന്നിലും പിന്നിലും അമിത ഭാരവുമായി തടി ലോറികള്‍

കാക്കനാട്: അമിത ഭാരംകയറ്റിയ ലോറികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിെൻറ നിയന്ത്രണ നടപടികള്‍ കാറ്റില്‍പറത്തി രാത്രി തടിലോറികള്‍ നിരത്ത് കൈയടക്കുന്നു. മുന്നിലേക്കും പിന്നിലേക്കും തടി നീട്ടിവെച്ച് പോകുന്ന ലോറികളില്‍ ഇടിച്ച് അപകട മരണങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് മോട്ടോര്‍വാഹനവകുപ്പ് നടപടി തുടങ്ങിയത്. അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം ഭാഗങ്ങളിലാണ് അപകടകരമായി തടികള്‍ കയറ്റിയ ലോറികള്‍ ഏറെയും. രാത്രി സമയങ്ങളില്‍ പരിശോധന ഇല്ലാത്തതാണ് തടി കയറ്റിയ ലോറികളെ നിയമ ലംഘനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. പിന്നാലെ വരുന്ന വാഹനങ്ങള്‍ തള്ളി നില്‍ക്കുന്ന തടിയുടെ ഭാഗങ്ങള്‍ രാത്രിയിൽ കാണാതെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ പിടികൂടാന്‍ അങ്കമാലിക്കു സമീപം മോട്ടോര്‍ വാഹനവകുപ്പ് രാത്രി നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 15 അടി മുന്നിലേക്കും 12 അടി പിന്നിലേക്കും വശങ്ങളിലേക്കു നാല് അടി വീതവും തടികള്‍ തള്ളി നില്‍ക്കുന്ന ലോറികളാണ് പിടികൂടിയായത്. അപകടകരമായി സർവിസ് നടത്തിയ ലോറികളും പിടികൂടി. വിശദമായ പരിശോധനയില്‍ ലോറിക്ക് പിന്നിലൂടെയും വശങ്ങളിലൂടെയുംവരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്ത വിധമാണ് തടി കയറ്റിയിരുന്നതെന്ന്് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ട്രെയിലറില്‍ കൊണ്ടുപോകേണ്ട തടികളാണ് ലോറിയില്‍ കൊണ്ടുവന്നത്. വാഹനം കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തിയ ഉദ്യോഗസ്ഥര്‍ മറ്റു വാഹനങ്ങളില്‍ കയറ്റിയാണ് തടി പോകാന്‍ അനുവദിച്ചത്. കോട്ടയം, ഇടുക്കി, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ നിന്നുള്ള മരങ്ങളാണ് അനധികൃതമായി കയറ്റിക്കൊണ്ടുവരുന്നതെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. മനോജ് കുമാര്‍ പറഞ്ഞു. തടി കയറ്റിയ ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് രണ്ടു പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് അങ്കമാലി പ്രദേശത്ത് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.