കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ കാത്തുനിന്ന കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ, ജനറൽ സെക്രട്ടറി ആനന്ദ് കെ. ഉദയൻ, ആൻറണി ജൂഡി, ഫയാസ് എന്നിവരെ പ്രസ് ക്ലബ് റോഡിൽനിന്നും വൈസ് പ്രസിഡൻറ് ഷാരോൺ പനക്കൽ, അർജിത് എന്നിവരെ മേനക ജങ്ഷനിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. െഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാവിലെ എത്തിയ മുഖ്യമന്ത്രി വൈകുന്നേരം മൂന്നോടെ തൃശൂരിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പുറത്തിറങ്ങുമ്പോൾ കരിങ്കൊടി കാണിക്കുകയായിരുന്നു ലക്ഷ്യം. രാവിലെ മുതൽ കെ.എസ്.യു പ്രവർത്തകർ െഗസ്റ്റ് ഹൗസ് പരിസരത്ത് തമ്പടിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. മഫ്തിയിലും പൊലീസിനെ നിയോഗിച്ചിരുന്നു. കർശന പരിശോധനക്കുശേഷമാണ് സന്ദർശകരെ കടത്തിവിട്ടിരുന്നത്. മുഖ്യമന്ത്രി െഗസ്റ്റ് ഹൗസിൽനിന്ന് പുറത്തേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് അലോഷ്യസ്, ആനന്ദ്, ആൻറണി ജൂഡി, ഫയാസ് എന്നിവരെ പ്രസ് ക്ലബ് റോഡിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ, മേനകയിൽ കരിങ്കൊടിയുമായി കാത്തുനിന്ന ഷാരോൺ പനക്കൽ, അർജിത് എന്നിവരെയും പിടികൂടി. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചശേഷം ഇവരെ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.