കൊച്ചി: പുതുവൈപ്പിൽ ഐ.ഒ.സി സ്ഥാപിക്കുന്ന എൽ.പി.ജി സംഭരണകേന്ദ്രത്തിനെതിരെ പൊതുജന സമരം ശക്തമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീെൻറ സാന്നിധ്യത്തിൽ എറണാകുളം റസ്റ്റ് ഹൗസിൽ ചർച്ച നടന്നു. സമരസമിതിയുടെ വാദഗതികൾ കേട്ടശേഷം, മന്ത്രി കലക്ടറോട് ക്രോഡീകരിച്ച റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. വിഷയത്തിൽ തുടർ ചർച്ച നടത്തി രമ്യമായി പരിഹരിക്കാനും മന്ത്രി നിർദേശം നൽകി. പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന് ചർച്ചയിൽ ഐ.ഒ.സി വ്യക്തമാക്കി. ജനവാസ മേഖലയിൽനിന്ന് വെറും 30 മീറ്റർ മാത്രം അകലത്തിൽ നിർമിക്കുന്ന എൽ.പി.ജി സംഭരണ കേന്ദ്രം ജനത്തിന് അപകടമാണെന്നും നിയമം ലംഘിച്ചാണെന്നും സമരസമിതിയുടെ വാദം ഐ.ഒ.സി അധികൃതർ അംഗീകരിച്ചില്ല. പാചകവാതകത്തിൽ രൂക്ഷഗന്ധത്തിന് ചേർക്കുന്ന െമർക്യാപ്റ്റൻ ജനവാസകേന്ദ്രത്തിൽ സൂക്ഷിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു. എന്നാൽ, ആറുലക്ഷം ടൺ എൽ.പി.ജി സംഭരിക്കുന്ന കേന്ദ്രത്തിന് വിഷം, പൊട്ടിത്തെറി സാധ്യതകൾ ഒന്നുമില്ലെന്നും ഐ.ഒ.സി വാദിച്ചു. ഹരിത ൈട്രബ്യൂണൽ വിധി ലംഘിക്കുന്നതാണ് നിർമാണ പ്രവർത്തനമെന്ന് സമരസമിതിയുടെ വാദവും ഐ.ഒ.സി അധികൃതർ തള്ളി. പദ്ധതിയിൽ നിയമലംഘനം നടന്നിട്ടില്ലെന്നാണ് ഐ.ഒ.സിയുടെ വാദം. പുതിയ പഠനം നടത്താനോ സമവായ നീക്കങ്ങൾക്കോ ഐ.ഒ.സി മുതിർന്നിട്ടില്ല. ഇരുവിഭാഗത്തിറെയും വാദങ്ങൾ കേട്ട് പരിഹാരം നിർദേശിക്കുക മാത്രമാണ് സർക്കാറിന് ചെയ്യാനാവുകയെന്ന് മന്ത്രി അറിയിച്ചു. പഞ്ചായത്ത് അധികൃതരും പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചു. സി.പി.എം അംഗമാണ് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കൃഷ്ണൻ. സമരം നടത്തി 50 ദിവസം പിന്നിട്ടതിന് ശേഷമാണ് ഐ.ഒ.സി അധികൃതരും സർക്കാറും ചർച്ചക്ക് തയാറായത്. എസ്. ശർമ എം.എൽ.എ, കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല, സബ്കലക്ടർ അദീന അബ്ദുല്ല, പുതുവൈപ്പ് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കൃഷ്ണൻ, സമരസമിതി ചെയർമാൻ എം.ബി. ജയഘോഷ്, കൺവീനർ കെ.എസ്. മുരളി, ഷീല സെബാസ്റ്റ്യൻ, ഐ.ഒ.സി അധികൃതർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. അതിനിടെ, സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി 10ന് ഗോശ്രീ പാലം ഉപരോധിക്കാൻ സമരസമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.