പെ​രി​യാ​റി​ന് കു​റു​കെ ര​ണ്ടാ​മ​ത്തെ പാ​ല​വും പൂ​ർ​ത്തി​യാ​യി

ആലുവ: സീപോർട്ട് -എയർപോർട്ട് റോഡിെൻറ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു. പെരിയാറിന് കുറുകെയുള്ള രണ്ടാമത്തെ പാലം പൂർത്തിയായി. തുരുത്ത്-ചൊവ്വര പാലത്തിെൻറ പണിയാണ് പൂർത്തിയായത്. അപ്രോച്ച് റോഡ് ലൈൻ മാർക്കിങ് ചെയ്യുകയാണ്. തോട്ടുമുഖത്തുനിന്ന് തുരുത്തിലേക്കുള്ള പാലം കടന്ന് 100 മീറ്റർ കഴിഞ്ഞാൽ തുരുത്ത്-ചൊവ്വര പാലത്തിലെത്തും. ആദ്യത്തേതായ മഹിളാലയം-തുരുത്ത് പാലം നേരത്തേ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തിരുന്നു. രണ്ടും ഒരേ സമയം പണി കഴിയേണ്ടതായിരുന്നു. എന്നാൽ സ്‌ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികൾ നൽകിയ ഹരജികൾ കോടതി പരിഗണനയിലായതാണ് കാലതാമസമെടുത്തത്. തുരുത്തിെൻറ രണ്ട് അറ്റങ്ങളിലായി നിർമിച്ച പാലങ്ങൾ വഴി ആലുവ-മൂന്നാർ റോഡിലെ തോട്ടുമുഖം മഹിളാലയം ഭാഗത്തുനിന്ന് തുരുത്ത് വഴി ചൊവ്വരയിലെത്താം. അവിടെനിന്ന് എയർപോർട്ട്, കാലടി, മലയാറ്റൂർ എന്നിവിടങ്ങളിലേക്ക് പോകാം. ചൊവ്വര ഭാഗത്തുനിന്ന് ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്കും എളുപ്പം എത്താം. ഇതോടെ പുറയാർ റെയിൽവേ ഗേറ്റ് തടസ്സം ഒഴിവാകും. പാലം ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. പെരിയാറിന് കുറുകെ 11 തൂണുകളിലാണ് ആദ്യപാലം നിർമിച്ചത്. രണ്ട് തൂണുകൾക്കിടയിൽ നാല് കൂറ്റൻ കോൺക്രീറ്റ് ഗർഡറുകൾ വീതമാണ് സ്ഥാപിച്ചത്. മൊത്തം 48 ഗർഡറുകളുണ്ട്. 12.5 മീറ്റർ വീതിയിലുള്ള മൂന്നു വരി റോഡാണ്. ഇതേ വീതിയിലാണ് രണ്ടാം പാലവും നിർമിച്ചത്. ഏകദേശം നൂറുമീറ്ററാണ് പാലത്തിെൻറ നീളം. പെരിയാറിനും കൈവഴിയായ തൂമ്പാതോടിനും കുറുകെയാണ് രണ്ട് പാലങ്ങളും. ഇതിൽ പെരിയാറിന് കുറുകെയുള്ള ആദ്യ പാലം 26 കോടി രൂപ മുടക്കിയാണ് നിർമിച്ചത്. വെള്ളത്താൽ ഒറ്റപ്പെട്ട് കിടക്കുന്ന തുരുത്തിലേക്ക് നിർമിച്ച പാലം ദ്വീപ് നിവാസികൾക്ക് ഏറെ ആശ്വാസമാകും. ആലുവ അടുത്താണെങ്കിലും കിലോമീറ്റർ സഞ്ചരിച്ചാണ് തുരുത്ത് നിവാസികൾ നഗരത്തിലെത്തുന്നത്. സീപോർട്ട് -എയർ പോർട്ട് റോഡിെൻറ രണ്ടാം ഘട്ടത്തിെൻറ ഭാഗമായി കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള14 കി.മീറ്റർ ദൂരമാണ് റോഡിനായി വികസിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.