പിറവത്ത് പ്ളാസ്റ്റിക് പടിയിറങ്ങും; പുതുവര്‍ഷത്തോടെ

പിറവം: 2017 ജനുവരി ഒന്നുമുതല്‍ പിറവം നഗരസഭയില്‍ പ്ളാസ്റ്റിക് ബാഗുകള്‍ ഉണ്ടാകില്ല. പുതുവര്‍ഷത്തില്‍ പ്ളാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും ഇല്ലാതായ നഗരസഭയായി മാറാനാണ് പിറവം തയാറെടുക്കുന്നത്. ഇതിന്‍െറ ഭാഗമായി ഗാന്ധിജയന്തിദിനം മുതല്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ച് പിറവം നഗരസഭ തീരുമാനമെടുത്തു. ടെക്സ്റ്റൈല്‍ പ്ളാസ്റ്റിക് ബാഗുകള്‍ ഡിസംബര്‍ 31വരെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. 2017 ജനുവരി ഒന്നുമുതല്‍ സമ്പൂര്‍ണ പ്ളാസ്റ്റിക് മാലിന്യമുക്ത നഗരമെന്ന പദവി പിറവത്തിന് സ്വന്തമാകുമെന്നാണ് നഗരസഭാ ഭരണസമിതി അംഗങ്ങള്‍ അവകാശപ്പെടുന്നത്. 2016 മേയ് 30ന് നഗരസഭയുടെ പ്രത്യേക യോഗം ചേര്‍ന്ന് പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കാന്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥ പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന ഉപസമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് പ്ളാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനിച്ചത്. പകരം ചണം, തുണിസഞ്ചികള്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം. മൈക്രോണ്‍ വ്യത്യാസമില്ലാതെ എല്ലാത്തരത്തിലുള്ള പ്ളാസ്റ്റിക് കൂടുകളുടെ വില്‍പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇഷ്ടികക്കളങ്ങളുടെ ലൈസന്‍സ് പുതുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. വിശദപഠന റിപ്പോര്‍ട്ട് ഉപസമിതി നഗരസഭ കൗണ്‍സിലില്‍ സമര്‍പ്പിച്ചതിനത്തെുടര്‍ന്ന് ഐകകണ്ഠ്യേനയാണ് പ്ളാസ്റ്റിക് നിരോധത്തിനും ഇഷ്ടികക്കളങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ളെന്നും തീരുമാനിച്ചത്. 14 ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പാഴൂര്‍, കളമ്പൂര്‍, മുളക്കുളം മേഖലകളില്‍ ഗുരുതര മലിനീകരണപ്രശ്നം ഉണ്ടായതും കുടിവെള്ള സ്രോതസ്സുകളും കിണറുകളും വെള്ളമില്ലാതായ സാഹചര്യവും വിശദമായി പഠനവിഷയമാക്കി. വ്യാപകമായി പ്ളാസ്റ്റിക് മാലിന്യം കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനും ശ്വാസകോശരോഗങ്ങള്‍ക്കും ഇടയാക്കുന്നതായി കണ്ടത്തെി. ഇഷ്ടികക്കളങ്ങളില്‍ മാരക കെമിക്കലുകള്‍ ഉപയോഗിക്കുന്നതുമൂലം കാന്‍സര്‍ ഉള്‍പ്പെടെ മാരകരോഗങ്ങള്‍ വ്യാപകമായതായി ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്ളാസ്റ്റിക് കൂടുകളും മറ്റും കെട്ടിക്കിടന്ന് ജലസ്രോതസ്സുകളും ഉറവകളും അടഞ്ഞു. മൂന്ന് പതിറ്റാണ്ടിനുമുമ്പ് ചെറിയതോതില്‍ തുടങ്ങിയ ചെറുകിട ഇഷ്ടിക വ്യവസായ യൂനിറ്റുകള്‍ കാലക്രമത്തില്‍ വന്‍കിട വ്യവസായ സംരംഭങ്ങളാവുകയും 500 ഹെക്ടര്‍ നെല്‍വയല്‍ ഗര്‍ത്തങ്ങളായി തീര്‍ന്നതായും സമിതി കണ്ടത്തെി. ഇത്തരം കുഴികള്‍ പ്ളാസ്റ്റിക്-ഇലക്ട്രോണിക് മാലിന്യങ്ങളും കെട്ടിടാവശിഷ്ടങ്ങളും ഇട്ട് നിറക്കാനുള്ള ശ്രമത്തില്‍ ഉറവുചാലുകള്‍ അടഞ്ഞു. വന്‍തോതില്‍ പുഴയുടെ ഇരുവശത്തും പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നതുമൂലം പുഴയില്‍ മറ്റുമാലിന്യം കെട്ടിക്കിടക്കുന്നു. പ്ളാസ്റ്റിക് കൂടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴയിടുകയും ആവര്‍ത്തിച്ചാല്‍ വ്യാപാര സ്ഥാപനത്തിന്‍െറ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ. ജേക്കബ്, വൈസ് ചെയര്‍പേഴ്സണ്‍ അയിഷ മാധവന്‍, ആരോഗ്യവകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അരുണ്‍ കല്ലറക്കല്‍, പരിസ്ഥിതി ഉപസമിതി ചെയര്‍മാന്‍ ബെന്നി വി. വര്‍ഗീസ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.