ഓണത്തെ വരവേല്‍ക്കാന്‍ പശ്ചിമകൊച്ചി ഒരുങ്ങി

മട്ടാഞ്ചേരി: പൊന്നോണത്തെ വരവേല്‍ക്കാന്‍ പശ്ചിമകൊച്ചിയില്‍ ഒരുക്കം തകൃതി. വിവിധ സംഘനകളുടെയും ക്ളബുകളുടെയും നേതൃത്വത്തില്‍ വിപുല പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കൊച്ചിന്‍ വികസന വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണനിലാവും സ്വാതിതിരുനാള്‍ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലെ പൂവിളിയുമാണ് പ്രധാന ആഘോഷ പരിപാടികള്‍. ഓണനിലാവ് 11ന് അരി വിതരണത്തോടെയാണ് ആരംഭിക്കുക. ഉത്രാടദിവസം ഫോര്‍ട്ട് കൊച്ചി വാസ്കോഡഗാമ സ്ക്വയറില്‍ നടക്കുന്ന സാംസ്കാരികസമ്മേളനം കെ.ജെ. മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തിരുവാതിരയും നൃത്തനൃത്യങ്ങളും അരങ്ങേറും. തിരുവോണദിവസം ഫോര്‍ട്ട് കൊച്ചി കൊത്തലംഗോയിലെ അന്തേവാസികളോടൊപ്പമാണ് ആഘോഷം. കലാകാരന്മാര്‍ ഉള്‍പ്പെടെ സമൂഹത്തിന്‍െറ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുക്കും. അവിട്ടം നാളില്‍ വാസ്കോഡഗാമ സ്ക്വയറില്‍ ഒഡീസി നൃത്തവും സംഗീതസദസ്സും അരങ്ങേറും. ചതയദിനത്തില്‍ നടക്കുന്ന സമാപനസമ്മേളനം മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ പ്രമുഖരെ ആദരിക്കും. കേരളനടനവും നാടന്‍പാട്ടും അരങ്ങേറും. സ്വാതിതിരുനാള്‍ സാംസ്കാരികസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി തിങ്കളാഴ്ച ആരംഭിക്കും. മാവേലിയുടെ ശില്‍പം അനാച്ഛാദനം ചെയ്യും. സമ്മേളനം പി. രാജീവ് ഉദ്ഘാടനം ചെയ്യും. തിരുവോണനാളില്‍ ഫോര്‍ട്ട് കൊച്ചി ഞാലിപ്പറമ്പില്‍നിന്ന് വെളിയിലേക്ക് സാംസ്കാരിക ഘോഷയാത്രയും നടക്കും. കുമ്പളങ്ങി മോഡല്‍ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുമ്പളങ്ങിയില്‍ ശനിയാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ വിദേശികളും പങ്കെടുക്കും. പള്ളുരുത്തി ദേശാഭിമാനി ആര്‍ട്സ് സെന്‍റര്‍, നന്മ ക്ളബ്, സ്വദേശി സാംസ്കാരികവേദി എന്നിവയുടെ നേതൃത്വത്തിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.